പൊലീസുകാരന് അവധി നിഷേധിച്ച സംഭവം; അന്വേഷണം അട്ടിമറിക്കാൻ ശ്രമം
text_fieldsതിരുവനന്തപുരം: സ്വന്തം വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പൊലീസുകാരന് അവധി അനുവദിക്കാത്ത സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ ആരോപണവിധേയന്‍റെ ശ്രമം. മുമ്പ് പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ബന്ധം ഉപയോഗിച്ച് തനിക്കെതിരെ റിപ്പോർട്ട് വരാതിരിക്കാൻ ശ്രമം നടത്തുകയാണ് ആരോപണവിധേയനായ സി.ഐ.
സംഭവത്തിൽ എസ്.എ.പി ക്യാമ്പിലെ പൊലീസുകാർ കടുത്ത അസംതൃപ്തിയിലാണെന്ന മാധ്യമം വാർത്തയെ തുടർന്ന് കഴിഞ്ഞദിവസം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അസി. കമാൻഡന്റ് ഗണേഷ് കുമാറിനെ എ.ഡി.ജി.പി ചുമതലപ്പെടുത്തിയിരുന്നു.
അതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ നടപടികൾ ആരംഭിച്ചതോടെയാണ് ലീവ് നിഷേധിച്ച ഓഫിസർ കമാൻഡിങ് (ഒ.സി) സ്വാധീനം ചെലുത്തി നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തുന്നത്.
അതിനിടെ അവധി ലഭിക്കാത്ത പൊലീസുകാരൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നാണ് വിവരം. സി.ഐക്കെതിരെ മൊഴി നൽകാതിരിക്കാനുള്ള സമ്മർദവും ഇയാൾക്ക് മേലുണ്ട്. 18 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് അഞ്ച് വർഷം കൊണ്ടാണ് പൊലീസുകാരൻ നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ വീട് പണി പൂർത്തിയാക്കിയത്.
ഇയാളുടെ മാതാപിതാക്കൾ രോഗശയ്യയിലുമാണ്. കുടുംബത്തിന്‍റെ അത്താണിയാണ് ഇയാൾ. അവധി അനുവദിക്കാത്ത സംഭവം വിവാദമായതിനെ തുടർന്ന് തനിക്കുനേരെ ഔദ്യോഗികമായ പീഡനങ്ങളുണ്ടാകുമോയെന്ന ആശങ്കയും ഇദ്ദേഹത്തിനുണ്ട്.
കെ.എ.പി ഒന്നിലെ അംഗമായ പൊലീസുകാരൻ കമാൻഡോ പരിശീലനത്തിനാണ് എസ്.എ.പി ക്യാമ്പിൽ എത്തിയത്. ഒരു മാസത്തെ പരിശീലനമാണ് പറഞ്ഞിരുന്നതെങ്കിലും ആ കാലാവധി കഴിഞ്ഞിരുന്നു. അവധി അനുവദിക്കാത്ത മേലുദ്യോഗസ്ഥന്‍റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് സേനാംഗങ്ങളും പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസുകാരന്‍റെ ബന്ധുക്കൾ മനുഷ്യാവകാശ കമീഷെനയും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയേയും സമീപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ തുടർന്നാൽ അത് പൊലീസ് സേനാംഗങ്ങളുടെ മനോവീര്യം തകർക്കുമെന്ന് സർവിസിൽ നിന്ന് വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.