റോഡ് പണിയുടെ പേരിൽ രാഷ്ട്രപതിയെ ‘ചുറ്റിച്ചു’, മൈക്കിലും പ്രശ്നം
text_fieldsതിരുവനന്തപുരം: വഴുതക്കാട്-വെള്ളയമ്പലം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘ചുറ്റിച്ച്’ പൊലീസ്, ഒടുവിൽ പരിപാടിക്കെത്തിയപ്പോഴാകട്ടെ മൈക്കിലും പ്രശ്നം. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം കേരള സന്ദർശനത്തിനെത്തിയ ദ്രൗപദി മുർമുവിന്റെ ആദ്യ സന്ദർശനത്തിൽ തന്നെ ക്രമീകരണങ്ങളിൽ പോരായ്മകളുണ്ടായി.
തിരുവനന്തപുരത്ത് ഒരു പൊതുപരിപാടി മാത്രമായിരുന്നു രാഷ്ട്രപതിക്കുണ്ടായിരുന്നത്. ആ ചടങ്ങിൽ പൗരസ്വീകരണം ഉൾപ്പെടെ നാല് പരിപാടികളുടെ ഉദ്ഘാടനവുമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി തൈക്കാട് കമീഷണർ ഓഫിസിന് എതിർവശമുള്ള ഹയാത്ത് റീജെൻസി ഹോട്ടലിലായിരുന്നു താമസം.
വിമാനത്താവളത്തിൽ നിന്ന് പാളയം അണ്ടർ പാസേജ് വഴി വിമൻസ് കോളജ് റോഡ് വഴിയായിരുന്നു ഹോട്ടലിൽ രാഷ്ട്രപതിയെ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ വിമാനത്താവളത്തിലേക്ക് പോയതും കൊല്ലത്ത് പോയി മടങ്ങിയെത്തിയ ദ്രൗപദി മുർമുവിനെ തിരിച്ച് പൊതുപരിപാടി നടന്ന കവടിയാർ ഉദയ് കൺവെൻഷൻ സെന്ററിൽ എത്തിച്ചതും ചുറ്റി തന്നെ. ആദ്യം നിശ്ചയിച്ചിരുന്ന സമയക്രമത്തിൽ അരമണിക്കൂറോളം മാറ്റം വരുത്തി പുതിയ സമയക്രമത്തിലാണ് രാഷ്ട്രപതിയെ അവിടെ എത്തിച്ചതും.
കഴിഞ്ഞദിവസം പുറത്തിറക്കിയ പരിപാടിക്രമം പ്രകാരം രാഷ്ട്രപതി 11.45ന് പരിപാടിക്ക് എത്തുമെന്നായിരുന്നു. എന്നാൽ അതിൽ മാറ്റം വരുത്തി പുതിയ സമയക്രമ പ്രകാരം 12.15 നാണ് രാഷ്ട്രപതി അവിടെയെത്തിയത്. കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയപ്പോഴാകട്ടെ മൈക്കും രാഷ്ട്രപതിക്ക് ‘പണി’ കൊടുത്തു.
രാഷ്ട്രപതിയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ മൈക്ക് വളരെ മുമ്പേ പരിശോധിച്ചതായിരുന്നു. എന്നാൽ രാഷ്ട്രപതി സംസാരിച്ചുതുടങ്ങിയപ്പോൾ എക്കോ കാരണം പ്രസംഗം പുറത്ത് കേൾക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. വേദിയിലും സദസ്സിലുമുണ്ടായിരുന്നവർക്ക് പ്രസംഗം വ്യക്തമായില്ല.
മൈക്കിന്റെ പ്രശ്നം മൂലമാണ് ഇത്തരമൊരു സ്ഥിതി ഉണ്ടായത്. മന്ത്രി കെ. രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം സമീപത്തുണ്ടായിരുന്ന സംഘാടകരെ ധരിപ്പിച്ചു. എന്നാല്‍ കൃത്യമായ പ്രോട്ടോക്കോള്‍ ഉള്ള ചടങ്ങ് ആയതിനാല്‍ മൈക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ളവ പ്രായോഗികമല്ലായിരുന്നു. ഒടുവില്‍ ഈ മൈക്ക് ഉപയോഗിച്ചുതന്നെ രാഷ്ട്രപതി പ്രസംഗം പൂര്‍ത്തിയാക്കി.
പരിപാടിക്ക് ശേഷം രാഷ്ട്രപതിയെ ഹോട്ടലിലേക്ക് കൊണ്ടുപോയതും ‘വളഞ്ഞ’ വഴിയിലൂടെയായിരുന്നു. വെള്ളയമ്പലം, എൽ.എം.എസ്, പാളയം, അണ്ടർപാസ്, വിമൻസ് കോളജ് വഴിയാണ് ഹോട്ടലിൽ എത്തിച്ചത്.
രാത്രിയിൽ ഗവർണറുടെ അത്താഴ വിരുന്നിനും രാഷ്ട്രപതിയെ എത്തിച്ചതും മടക്കിക്കൊണ്ടുപോയതും ഈ റൂട്ടിലൂടെയായിരുന്നു. അതിനിടെ രാവിലെ വിമാനത്താവളത്തിൽ നിന്നും രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുവരുന്നതിനിടെ ഇടറോഡിൽ നിന്നും ഒരു ആംബുലൻസ് കടന്നുവന്നതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.