റിഗാറ്റ നൃത്തോത്സവം 21ന് തുടങ്ങും
text_fieldsതിരുവനന്തപുരം: റിഗാറ്റ നാട്യസംഗീത കേന്ദ്രത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 10 ദിവസം നീളുന്ന നൃത്തോത്സവം സംഘടിപ്പിക്കുന്നു. നിശാഗന്ധിയില്‍ നടക്കുന്ന നഗരവസന്തത്തിന്റെ ഭാഗമായായാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്. 21ന് വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
22 മുതല്‍ 30 വരെ വൈകീട്ട് ആറിനാണ് നൃത്തപരിപാടികള്‍. എല്ലാ ദിവസവും അതിഥികളുടെ അവതരണത്തിനു പുറമെ, 300 ഓളം പേർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി അണിനിരക്കുന്ന നൃത്താവിഷ്കാരവും നടക്കും. റിഗാറ്റയിലെ നാലുവയസ്സുള്ള കുഞ്ഞ് മുതൽ 76 വയസ്സുവരെയുള്ള പഠിതാവ് വരെ ഇതിൽ അണിനിരക്കും.
22ന് നീനാപ്രസാദിന്റെ മോഹിനിയാട്ടം, പാലി ചന്ദ്രയുടെ കഥക്. 23ന് ഗോപികാവര്‍മയുടെ മോഹിനിയാട്ടം, ശേഷാദ്രി അയ്യങ്കാരുടെ ഭരതനാട്യം. 24ന് പ്രിയങ്കാ വെമ്പട്ടയുടെ കുച്ചിപ്പുടി, ഉമാ ഡോഗ്രയുടെ കഥക്. 25ന് ബിജുലാ ബാലകൃഷ്ണന്റെ കുച്ചിപ്പുടി. രതീഷ് ബാബുവിന്റെ ഭരതനാട്യം. 26ന് മഥുലിതാ മൊഹാപത്രയുടെ ഒഡിസി, ദിവ്യാ രവിയുടെ ഭരതനാട്യം.
27ന് പി. രമാദേവിയുടെ കുച്ചിപ്പുടി, ദി കിരണ്‍സിന്റെ ഭരതനാട്യം. 28ന് നവ്യാനായരുടെ ഭരതനാട്യം, സൗരവ് റോയിയുടെ കഥക്, 29ന് രാജശ്രീവാര്യരുടെ ഭരതനാട്യം, രചനാ നാരായണന്‍കുട്ടിയുടെ കുച്ചിപ്പുടി. 30ന് പത്മപ്രിയയുടെയും പാര്ശ്വന്ത് എസ്. ഉപാധ്യയുടെയും ഭരതനാട്യം എന്നിവയുണ്ടായിരിക്കും.
22 മുതല്‍ മന്ത്രിമാരായ ഡോ.ആര്.ബിന്ദു, വി.എന്‍. വാസവന്, ജി.ആര്. അനില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, വീണാജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കേന്ദ്രമന്ത്രി വി. മുരളീധരന് തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ റിഗാറ്റ ഡയറക്ടർ ഗിരിജ ചന്ദ്രൻ, ചെയർമാൻ ജി. രാജ്മോഹൻ, ബാലുകിരിയത്ത്, മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
നൃത്തവഴികളിൽ റിഗാറ്റക്ക് അരനൂറ്റാണ്ട്
തിരുവനന്തപുരം: സ്റ്റാച്യു ചിറക്കുളം റോഡിലെ 'ജയമോഹൻ വിലാസ്' എന്ന വാടകവീട്ടിൽ രണ്ടു പേരുമായായിരുന്നു തുടക്കം, അമ്പത് വർഷം പിന്നിടുമ്പോൾ പഠിച്ചിറങ്ങിയ ശിഷ്യരുടെയെണ്ണം ഒന്നരലക്ഷത്തോളം. അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന റിഗാറ്റ നാട്യസംഗീത കേന്ദ്രവും ഗിരിജ ചന്ദ്രനും നൃത്തവഴികളിൽ അടയാളപ്പെടുന്നത് പെരുമയുടെ വിജയമുദ്രകളാണ്.
തിരുവനന്തപുരത്തും ചെന്നൈയിലും നൃത്തം അഭ്യസിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗിരിജ ടീച്ചർ 1972ൽ വാടക വീട്ടിനോട് ചേർന്നുള്ള ഭാഗത്ത് നൃത്താധ്യാപനം തുടങ്ങിയത്. അന്ന് വിമൺസ് കോളജിലെ എം.എ ഫിലോസഫി വിദ്യാർഥിനിയായിരുന്നു അവർ. പഠിക്കാനെത്തിയ രണ്ടുപേരാകട്ടെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മിനിയും അഞ്ജനയും. ഗുരുഗോപിനാഥാണ് അന്ന് ഈ നൃത്തവിദ്യാലയം ഉദ്ഘാടനം ചെയ്തത്.
അന്നുതന്നെ 'റിഗാറ്റ' എന്ന പേരുമിട്ടിരുന്നു. ഇങ്ങനെയൊരു പേരിനും കാരണമുണ്ട്. സാധാരണ നടന കൈരളിയെന്നോ നടനവിദ്യാലയമെന്നോ മലയാളം പേരുകളാണ് ഡാൻസ് സ്കൂളുകൾ പൊതുവെ ഇടാറുള്ളത്. വള്ളംകളിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഫ്രഞ്ച് വാക്കാണ് റിഗാറ്റ.
നൃത്തവിദ്യാലയം തുടങ്ങുന്നത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സമയത്താണ്. എപ്പോഴും മുന്നോട്ടേക്ക് നീങ്ങുന്നു എന്നതാണ് വള്ളംകളിയുടെ പ്രത്യേക. ഈ സൂചനകളും സാധ്യതകളും ഉൾക്കൊള്ളിച്ചാണ് നൃത്തവിദ്യാലയത്തിന് റിഗാറ്റ എന്ന പേര് നൽകിയതെന്ന് റിഗാറ്റ ഡയറക്ടർ കൂടിയായ ഗിരിജ ചന്ദ്രൻ പറയുന്നു.
1974 ലായിരുന്നു ഔപചാരിക ഉദ്ഘാടനം. അച്യുതമേനോൻ, നടൻ കമലഹാസൻ, ശ്രീവിദ്യ എന്നിവർ അതിഥികളായി പങ്കെടുത്തിരുന്നു. പിതാവ് ആർ. ശിവശങ്കരപ്പിള്ള പാളയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് എന്ന പേരിൽ ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു.
ഇതിനൊപ്പം ബുക് ബൈന്റിങ് പരിശീലനകേന്ദ്രവും തയ്യൽ പരിശീലനകേന്ദ്രവുമുണ്ടായിരുന്നു. ഇവയും നൃത്തവിദ്യാലയവുമടക്കം ചേരുന്നതായിരുന്നു റിഗാറ്റ.
കാലക്രമേണ മറ്റുള്ളവയെല്ലാം നിലക്കുകയും നൃത്ത-സംഗീത കേന്ദ്രം മാത്രമായ റിഗാറ്റ തുടരുകയുമായിരുന്നു. വാടകവീട് മാറുന്നതിനനുസരിച്ച് റിഗാറ്റയുടെ കേന്ദ്രവും മാറിക്കൊണ്ടിരുന്നു. വഴുതക്കാട് ഫോറസ്റ്റ് ഓഫിസ് ലെയിൻ, ഈശ്വരവിലാസം റോഡ് എന്നിവിടങ്ങളിലും പ്രവർത്തിച്ചു. ഇതിൽ ഏറ്റവും കൂടുതൽ നാൾ, 20 വർഷത്തോളം പ്രവർത്തിച്ചത് ഈശ്വരവിലാസം റോഡിലാണ്.
1985ന് ശേഷം പഠിതാക്കളുടെ എണ്ണം ഉയർന്നതോടെ ഒന്നിലധികം കേന്ദ്രങ്ങളായി റിഗാറ്റ വളർന്നു. നിലവിൽ കോട്ടൺഹിൽ സ്കൂളിന് സമീപത്തെ പ്രധാന ഓഫിസിന് പുറമെ പോങ്ങുംമൂട്, കുടപ്പനക്കുന്ന്, വഞ്ചിയൂർ എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഡോ. നീന പ്രസാദ്, മേതിൽ ദേവിക, ഗോപിക വർമ, സിതാര ബാലകൃഷ്ണൻ തുടങ്ങിയ പ്രശസ്തരായ നിരവധി നർത്തകർ ഇവിടെനിന്ന് പഠിച്ചിറങ്ങിയവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.