മുന്നറിയിപ്പില്ലാതെ റോഡ് കുഴിച്ചു; വിദ്യാർഥികളടക്കം വലഞ്ഞു
text_fieldsതിരുവനന്തപുരം: സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി മുന്നറിയിപ്പില്ലാതെ റോഡ് കുഴിച്ച് കാൽനടയാത്രയടക്കം തടസ്സപ്പെടുത്തി. കേബിള്‍ ഇടുന്നതിന് ജനറൽ ആശുപത്രി-വഞ്ചിയൂര്‍ റോഡിന്റെ മധ്യഭാഗമാണ് കുഴിച്ച് രണ്ടുവശത്തും മണ്ണിട്ട് നിറച്ച് യാത്ര തടസ്സപ്പെടുത്തിയത്.
ആയിരക്കണക്കിന് കുട്ടികളും രക്ഷാകര്‍ത്താക്കളും ദിനംപ്രതി എത്തുന്ന ഹോളി എയ്ഞ്ചൽസ് കോണ്‍വെന്റിനു മുന്നിലുള്ള റോഡിൽ സഞ്ചാരം തടസപ്പെട്ടതോടെ പ്രതിഷേധം ഉയർന്നു.
ഗതാഗതത്തിരക്കിനിടയിൽ സ്കൂൾ ഗേറ്റിന് മുന്നിൽ വീണ്ടും കുഴിക്കാൻ ശ്രമിച്ചതോടെ രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തി. കരാറുകാർ ഇത് അവഗണിച്ച് പണി തുടരാൻ ശ്രമിച്ചു. 5000 ത്തോളം കുട്ടികളെയും അധ്യാപകരെയും ബന്ധികളാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ റോഡ് ഫണ്ട് ബോർഡ് അധികൃതർ സ്ഥലത്തെത്തി. സർവിസ് കേബിളുകൾ ഭൂമിക്കടിയിലാക്കുന്നതിനായാണ് റോഡിന്റെ മധ്യം വെട്ടിക്കുഴിച്ചത്. ആദ്യം കുഴിച്ച സ്ഥലത്ത് കേബിളിട്ട ശേഷമേ അടുത്ത ഭാഗം കുഴിക്കൂവെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് രക്ഷിതാക്കളും സ്കൂൾ അധികൃതരും പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരു ഭാഗത്ത് മണ്ണ് മാറ്റി കാൽനടയും ഇരുചക്രവാഹനയാത്രയും അനുവദിക്കാമെന്ന് ചർച്ചയിൽ പറഞ്ഞെങ്കിലും വെള്ളിയാഴ്ച വൈകീട്ടുവരെ നടപടിയുണ്ടായില്ല. ഒരു മാസത്തോളമായി പണി നടക്കുന്നതിനാൽ ഇവിടെ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി കുഴിയെടുത്ത മണ്ണ് ഇരുഭാഗത്തും കൂട്ടിയിട്ട് റോഡ് പൂർണമായും അടക്കുകയായിരുന്നു. വിവരമറിഞ്ഞ് മുൻ എം.എൽ.എ വി.എസ്. ശിവകുമാർ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.