തിരുപ്പിറവി ആഘോഷിച്ച് നാടും നഗരവും
text_fieldsതിരുവനന്തപുരം: തിരുപ്പിറവിയുടെ സന്ദേശവുമായി ഇന്ന് ക്രിസ്മസ്. മണ്ണിലും മനസ്സിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം നിറച്ചാണ് ക്രൈസ്തവര്‍ ക്രിസ്മസ് രാവിനെ വരവേറ്റത്. ക്രൈസ്തവ വിശ്വാസികള്‍ വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്ബാനക്കെത്തി. ക്രിസ്മസ് ദിനമായ ഞായറാഴ്ച പുലര്‍ച്ചയും പള്ളികളില്‍ കുര്‍ബാന ഉണ്ടാകും.
വിവിധ ദേവാലയങ്ങളിലെ പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായ മെത്രാന് ഡോ. ആര്. ക്രിസ്തുദാസ്, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ശനിയാഴ്ച രാത്രി ഏഴിന് ആരംഭിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികനായി. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ രാത്രി 11.30ന് ആരംഭിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ ഏഴിനും 8.45നും വൈകുന്നേരം അഞ്ചിനും കുര്‍ബാന.
പി.എം.ജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ശനിയാഴ്ച രാത്രി 11.45ന് ആരംഭിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികനായിരുന്നു. പാളയം സമാധാന രാജ്ഞി ബസിലിക്കയിലെ തിരുക്കര്‍മങ്ങള്‍ വൈകീട്ട് ഏഴിന് ആരംഭിച്ചു. ബസിലിക്ക റെക്ടര്‍ റവ. ഡോ. ജോണ്‍ കുറ്റിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തില്‍ രാത്രി 11.30ന് ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഏഴിനും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
കേശവദാസപുരം നസ്രത്ത് ചാപ്പൽ, പാങ്ങോട് കാർമൽ ഹിൽ ആശ്രമ ദേവാലയം, ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, പേരൂർക്കട ലൂർദ് ഹിൽ ദേവാലയം, പാമാംകോട് സെന്റ് ആന്റണീസ് മലങ്കര കാതോലിക്കാ ദേവാലയം, പാപ്പനംകോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളി എന്നിവിടങ്ങളിലും ജില്ലയിലെ മറ്റ് പ്രമുഖ ദേവാലയങ്ങളിലും ക്രിസ്മസ് ശുശ്രൂഷകൾ ശനിയാഴ്ച വൈകീട്ടോടെ ആരംഭിച്ചു.
ആശംസ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: വർഗീയശക്തികൾ നാടിന്റെ ഐക്യത്തിന് വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് യേശുക്രിസ്തുവിന്റെ മനുഷ്യസ്നേഹം നമുക്ക് പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ നേർന്നു.
സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെയെന്നും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസയില്‍ പറഞ്ഞു. പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടെയും സൗന്ദര്യമാണ് ആഘോഷങ്ങളെ ഹൃദ്യമായ അനുഭവമാക്കുന്നെതന്ന്സ്പീക്കർ എ.എൻ. ഷംസീർ.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചേർത്ത് നിറുത്തലിന്റെയും ആഘോഷമാണ് ക്രിസ്മസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശംസാസന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.