മൊബൈൽ മോഷ്ടാവിനെ കണ്ടെത്തി യുവതി പൊലീസിൽ ഏൽപിച്ചു
text_fieldsമംഗലപുരം: മൊബൈൽ ഫോൺ മോഷ്ടാവിനെ പത്ത് ദിവസത്തിനുശേഷം ഫോണിന്റെ ഉടമയായ യുവതി കൈയോടെ പിടികൂടി. മംഗലപുരത്ത് മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വെട്ടുറോഡ് സ്വദേശിനി ബഹിജയാണ് മോഷ്ടാവായ കൈതമുക്ക് പാൽക്കുളങ്ങര സ്വദേശി അമീറിനെ (44) ‘കുടുക്കിയത്’. മംഗലപുരം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മംഗലപുരം ജങ്ഷനിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയായ ബഹിജയുടെ മൊബൈൽ ഫോൺ ഈ മാസം എട്ടിന് മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയപ്പോഴാണ് അമീർ മോഷ്ടിച്ചത്. ബഹിജ അന്നുതന്നെ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നു. സി.സി.ടി.വി ദ്യശ്യം പരിശോധിച്ചപ്പോഴാണ് അമീർ മൊബൈൽ മോഷ്ടിക്കുന്നത് വ്യക്തമായത്.
തുടർന്ന് ഈ ദൃശ്യവും പ്രതി വാങ്ങാൻ വന്ന മരുന്നിന്റെ പേരും പരിസരത്തുള്ള മറ്റ് മെഡിക്കൽ സ്റ്റോറിലുള്ളവർക്ക് ബഹിജ കൈമാറി. ഇന്നലെ മറ്റൊരു മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെത്തിയപ്പോൾ മെഡിക്കൽ സ്റ്റോർ ജീവനക്കാർ ബഹിജയെ വിവരമറിയിച്ചു. തുടർന്ന് ബഹിജ മംഗലപുരം പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസിനെ കൂട്ടി പ്രതിയുടെ അടുക്കൽ എത്തുകയായിരുന്നു. പിന്നീട് സി.സി.ടി.വി ക്യാമറ ദൃശ്യം നോക്കി പ്രതിയെ തിരിച്ചറിഞ്ഞു.
പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച ഫോൺ ആറ്റിങ്ങലിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപക്ക് വിറ്റതായി അമീർ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.