ഭർതൃസഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
text_fields
പോത്തൻകോട്: ഭർതൃസഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കാവുവിള തെറ്റിച്ചിറ വൃന്ദ ഭവനിൽ വൃന്ദയാണ് (28) ചൊവ്വാഴ്ച രാത്രി പത്തരയോടെ മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വാവറയമ്പലം കാവുവിളയിൽ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാവുവിളയിലെ കടയിൽ തയ്യൽ പഠിക്കാനെത്തിയ വൃന്ദയെ ഭർത്താവിെൻറ സഹോദരൻ പണിമൂല തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ സിബിൻലാൽ (29) പെട്രോൾ ദേഹത്ത് ഒഴിച്ച് തീയിടുകയായിരുന്നു. ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ സമ്മതമല്ലെന്ന് അറിയിച്ചതിനെതുടർന്നുള്ള വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറയുന്നു.
വൃന്ദ ഭർത്താവ് സബിൻ ലാലുമായി പിണങ്ങിയാണ് കഴിയുകയായിരുന്നു. ഭർത്താവുമായി ഒരുമിച്ച് ജീവിക്കണമെന്ന് സിബിൻ നിരന്തരം വൃന്ദയോട് ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ച രാവിലെ സിബിൻ തയ്യൽ കടയിലെത്തി കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ വൃന്ദയുടെ ദേഹത്ത് ഒഴിച്ചു. ഭയന്ന് കടയ്ക്കുള്ളിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ വൃന്ദ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പ്രതി പിന്നാലെ ഓടി കൈയിൽ സൂക്ഷിച്ചിരുന്ന പന്തത്തിൽ തീ കത്തിച്ചു എറിഞ്ഞു. രക്ഷപ്പെട്ട സിബിൻ ലാലിനെ രണ്ടു മണിക്കൂറിനുള്ളിൽ പോത്തൻകോട് മുട്ടത്തറ ഭാഗത്തുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. വിഷം കഴിച്ചെന്ന് പറഞ്ഞതിനെതുടർന്ന് ഇയാളെ പൊലീസ് മെഡിക്കൽ കോളജിലേക്ക് മാറ്റി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.