വിവിധയിടങ്ങളിൽ മോഷണം; കമിതാക്കളെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്
text_fieldsതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ദർശത്തിനെന്ന പേരിൽ നഗരത്തിൽ കറങ്ങിനടന്ന് ബൈക്കും മൊബൈൽഫോണും വിലകൂടിയ ഇലക്ട്രോണിക് സാമഗ്രികളും കവർന്ന കമിതാക്കളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലാക്കി.
ബംഗളൂരു സ്വദേശി പ്രകാശ് (31), പശ്ചിമബംഗാൾ സ്വദേശിനി ശാശ്വതി മിശ്ര(29) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് തകരപ്പറമ്പ് പാർഥാസിന് സമീപത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച സംഘം കരമനയിലെ പ്രമുഖ ഇലക്ട്രോണിക് ഷോറൂമിലെത്തി കാമറയും പിന്നീട് വഞ്ചിയൂരിലെ മാളിലെത്തി ടാബും മോഷ്ടിച്ച് കടക്കുകയായിരുന്നു.
ബൈക്ക് നഷ്ടമായതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് തകരപ്പറമ്പിലെ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരൻ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പാർഥാസിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രകാശിന്റെയും ശാശ്വതിയുടെയും ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് ഇവർക്കായി നഗരത്തിൽ പരിശോധന ആരംഭിച്ചു. ഉച്ചയോടെ വഞ്ചിയൂർ ഭാഗത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പിടികൂടുകയായിരുന്നു.
ഇവരുടെ ബാഗുകൾ പരിശോധിച്ചതിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് സാമഗ്രികളും മോതിരങ്ങളും കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.