ഓടിക്കാൻ സ്കാനിയകളില്ല; വരുമാനം ചോരുന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ വാടക സ്കാനിയകൾ മുടങ്ങുന്നത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ആകെയുള്ള പത്ത് വാടക സ്കാനിയകളിൽ അഞ്ചെണ്ണമാണ് ഇപ്പോഴുള്ളത്.
കൊല്ലൂരിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള സർവിസ് മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. റിസർവേഷൻ സൈറ്റിൽ ഉൾപ്പെടുത്തിയെങ്കിലും കരാെറടുത്ത കമ്പനി ബസ് നൽകാതായതോെട സൈറ്റിൽനിന്ന് പിൻവലിക്കുകയായിരുന്നു. ഒരാഴ്ചയായിരുന്നു റദ്ദാക്കൽ പറഞ്ഞിരുന്നതെങ്കിൽ പിന്നീടത് നീളുകയാണെന്നും അധികൃതർ പറയുന്നു. എന്ന് തിരികെ കിട്ടുമെന്നും ഇനിയും ഉറപ്പില്ല.
ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്നടക്കം നിരവധി യാത്രക്കാരാണ് സാധാരണ സ്കാനിയകളെ ആശ്രയിക്കുന്നത്. പൊതുവെ തിരക്കേറിയ ഘട്ടത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ സർവിസുകൾ മുടങ്ങുന്നത്. ഇതാകട്ടെ വരുമാനത്തെയും സാരമായി ബാധിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചിരുന്നവർ സ്വകാര്യ ബസുകളിലേക്ക് മാറുന്നുവെന്നാണ് വിവരം.
കെ.എസ്.ആർ.ടി.സിയുടെ സ്വന്തം സ്കാനിയകൾ വിവിധ ഡിപ്പോകൾക്ക് കൈമാറിയശേഷം വാടക സ്കാനിയകളാണ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോകൾക്ക് നൽകിയത്.
അറ്റകുറ്റപ്പണികളുള്ളതിനാൽ ബസുകൾ നൽകാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചതായാണ് അധികൃതർ പറയുന്നത്. പകരം അയക്കാൻ കെ.എസ്.ആർ.ടി.സിയുടെ കൈവശം പെർമിറ്റുള്ള ബസുകളുമില്ല. കോവിഡിന് ശേഷം അന്തർസംസ്ഥാന സർവിസുകൾ സാധാരണ നിലയിലായിത്തുടങ്ങുന്ന ഘട്ടത്തിലാണ് കല്ലുകടിയായി സർവിസ് മുടക്കം. ഫാസ്ടാഗ് 'ആക്ടിവേറ്റ്' ആകുന്നില്ലെന്ന കാരണത്താൽ മറ്റൊരു ബസും മുടങ്ങിയിട്ടുണ്ട്.
ഇതിനിടെ കാലഹരണപ്പെട്ട സൂപ്പർക്ലാസ് ബസുകൾ മാറ്റുന്നതിന് കരാർ വ്യവസ്ഥയിൽ 250 ബസുകൾ വാടകക്കെടുക്കാനുള്ള നടപടികളും കെ.എസ്.ആർ.ടി.സി ആരംഭിച്ചിട്ടുണ്ട്. ഇതിൽ 10 എണ്ണം പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി ബസുകളും 20 എണ്ണം എ.സി സെമിസ്ലീപ്പർ ബസുകളുമാണ്.
നിലവിൽ ഡ്രൈവറും ബസും കമ്പനിയും കണ്ടക്ടറും ഇന്ധനവും കെ.എസ്.ആർ.ടി.സിയും നൽകുംവിധമാണ് സ്കാനിയകൾ വാടകക്കെടുത്തിരിക്കുന്നത്.
എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി ഡ്രൈവറെയും കണ്ടക്ടറെയും കെ.എസ്.ആർ.ടി.സി തന്നെ നിയോഗിക്കുന്ന ഡ്രൈ ലീസ് വ്യവസ്ഥയിലാണ് ബസുകൾ വാടകക്കെടുക്കുന്നത്. ബസ് മാത്രമായി ഉടമ വിട്ടുനൽകണം. ഇതിനായി ടെൻഡർ നടപടികളും ആരംഭിച്ചു.
തമിഴ്നാട്ടിലേക്ക് സർവിസുകൾ ആരംഭിച്ചു
െക.എസ്.ആർ.ടി.സി തമിഴ്നാട്ടിലേക്ക് സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവിസുകൾ നിർത്തിവെച്ചിരുന്നു. കർണാടകത്തിലേക്കുള്ള സർവിസുകൾക്ക് അനുമതി ലഭിച്ചെങ്കിലും തമിഴ്നാട് അനുമതി നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ശബരിമല തീർഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാബുദ്ധിമുട്ടുകൾ പരിഗണിച്ചും സർവിസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിെൻറ ആവശ്യം പരിഗണിച്ചാണ് തമിഴ്നാട് നിയന്ത്രണം പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.