ആ‘ശങ്ക’ പിടിച്ചുവെച്ച് പാളയം മാർക്കറ്റിലെ സ്ത്രീകൾ, മേയർ അറിയുന്നുണ്ടോ?
text_fieldsതിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ പേരിൽ കോടികൾ പൊടിക്കുമ്പോഴും പാളയം കണ്ണിമേറ മാർക്കറ്റിൽ മൂത്രപ്പുര അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്ത്രീകൾ ദുരിതത്തിൽ.
നൂറുകണക്കിന് കച്ചവടക്കാരായ സ്ത്രീകളാണ് ഭരണാധികാരികളുടെ ദീർഘവീക്ഷണമില്ലായ്മയിലും പിടിപ്പുകേടിലും നട്ടംതിരിയുന്നത്. പലതവണ ജനപ്രതിനിധികളോട് പരാതി അറിയിച്ചെങ്കിലും നാളിതുവരെ ഒരു ഷീ ടോയിലറ്റ് പോലും മാർക്കറ്റ് പരിസരത്ത് സ്ഥാപിക്കാൻ കോർപറേഷന് സാധിച്ചിട്ടില്ല.
കച്ചവടത്തിനായി രാവിലെ അഞ്ച് മണിക്കെത്തി രാത്രി എട്ടുമണിവരെ ചെലവഴിക്കുന്നവരാണ് മാർക്കറ്റിലെ സ്ത്രീകളിൽ ഭൂരിഭാഗവും. എന്നാൽ, മലമൂത്രവിസർജനത്തിന് സൗകര്യമില്ലാതായതോടെ സമീപത്തെ ഹോട്ടലുകളെയോ ആളൊഴിഞ്ഞ പറമ്പുകളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രായമായവരടക്കമുള്ളവർ.
ആർത്തവ സമയങ്ങളിലാണ് ഏറെ ബുദ്ധിമുട്ടുന്നതെന്നും സാനിറ്ററി നാപ്കിൻ അടക്കം മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നും വനിത തൊഴിലാളികൾ പറയുന്നു.
പലപ്പോഴും കച്ചവടസ്ഥാപനങ്ങൾക്കടക്കം പണംകൊടുത്താണ് ഇതിനുള്ള സൗകര്യമുണ്ടാക്കുന്നത്. നേരത്തേ മാർക്കറ്റിനോട് ചേർന്ന് സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രവും ടോയിലറ്റ് സൗകര്യവും ഉണ്ടായിരുന്നെങ്കിലും മാർക്കറ്റ് നവീകരണത്തിന്റെ പേരിൽ ഇതെല്ലാം ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോർപറേഷൻ ഭരണസമിതി വിട്ടുകൊടുക്കുകയായിരുന്നു.
ഒരു വനിതതന്നെ മേയർ കസേരയിലിരിക്കുമ്പോഴാണ് കോർപറേഷന് വിളിപ്പാടകലെയുള്ള ഈ ദുരവസ്ഥ. മാർക്കറ്റിന് സമീപത്തായി പൊതു ശൗചാലയമുണ്ടെങ്കിലും ഇതും സാമൂഹിക വിരുദ്ധർ കൈയടക്കിയതിനാൽ ഈ ഭാഗത്തേക്ക് പോകാൻ കഴിയില്ലെന്ന് സ്ത്രീകൾ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ചവയെല്ലാം കൃത്യമായി പരിപാലിക്കാതെ നാശമായി. ഇതിന് പുറമെ മാർക്കറ്റും വൃത്തിഹീനമായ സാഹചര്യത്തിലാണ്. മഴക്കാലത്താണ് ഏറെ ദുരിതം. കൊതുകുകടി കൊണ്ട് കച്ചവടക്കാരിൽ പലർക്കും മന്തുരോഗവും പിടിപെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.