റോഡും ഇല്ല, വെള്ളവും ഇല്ല...എന്ന് തീരും ഈ ദുരിതം...
text_fieldsതിരുവനന്തപുരം: റോഡിന്റെ പണി പൂർത്തിയായോന്ന് ചോദിച്ചാൽ ഇല്ല.., അപ്പോ വെള്ളം കിട്ടിത്തുടങ്ങിയോന്ന് ചോദിച്ചാൽ അതും ഇല്ല. ഇതാണ് ഇപ്പോ വഴുതക്കാട് വാർഡിലെ പല പ്രദേശങ്ങളുടെയും അവസ്ഥ. ആൽത്തറ- വഴുതക്കാട്- തൈക്കാട് റോഡ് സ്മാർട്ട് സിറ്റിയുടെ ഭാഗമായി ആദ്യ ഘട്ട നവീകരണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തിട്ട് അധികനാളായില്ല. അതിനു പിന്നാലെ വഴുതക്കാട് ഭാഗത്തെ എം.പി അപ്പൻ റോഡ് ഉൾപ്പെടെ പല റോഡുകളും വെട്ടിപ്പൊളിക്കുന്നത് കാരണം ശോചനീയാവസ്ഥയിലാണ്. കാൽനട പോലും ദുഷ്കരമായ റോഡുകളിൽ വാഹനത്തിരക്ക് കൂടിയാകുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വഴുതക്കാട് ശ്രീമൂലം ക്ലബിന് മുന്നിലെ റോഡ് ഒരാഴ്ചയിൽ അധികമാണ് വാട്ടർ അതോറിറ്റിയുടെ പണിയുടെ ഭാഗമായി കുഴിച്ചിട്ടത്. അതുവഴി ഗതാഗതവും നിരോധിച്ചിരുന്നു.
സ്മാർട്ട് റോഡ് പദ്ധതിയുടെ ഭാഗമായി ഒരുപാട് കാലം അടച്ചിട്ട ശേഷം തുറന്ന റോഡാണ് വീണ്ടും അടച്ചത്. നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതിയെത്തുടർന്ന് ശ്രീമൂലം ക്ലബിന് മുന്നിലെ റോഡ് തുറന്നു കൊടുത്തപ്പോൾ നേരെ എതിർവശത്തുള്ള സർവേ ഡയറക്ടറേറ്റിലേക്കുള്ള റോഡ് കുഴിക്കാൻ തുടങ്ങി. അവിടെ തൊട്ടടുത്തു തന്നെ മാൻഹോൾ തുറന്നുള്ള ജോലിയും നടക്കുന്നു. എം.പി അപ്പൻ റോഡിന്റെയും അവസ്ഥ മറിച്ചല്ല. വഴുതക്കാടേക്കും ഇടപ്പഴഞ്ഞിയിലേക്കുമുള്ള ഷോർട്ട്കട്ടെന്ന നിലയിൽ എം.പി അപ്പൻ റോഡ് എന്നും തിരക്കേറിയ ഇടമാണ്. ശ്രദ്ധിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ നട്ടെല്ലിന് പണി കിട്ടി ആശുപത്രിയിലാകുമെന്ന് ഉറപ്പാണ്. ആളുകൾ കുഴിയിൽ വീഴാതിരിക്കാൻ റോഡ് വെട്ടിപ്പൊളിച്ചയിടത്ത് മരം നട്ടിട്ടുണ്ട് നാട്ടുകാർ. വാർഡിലെ പല ഭാഗത്തും റോഡിന്റെ ശോചനീയാവസ്ഥയ്ക്കും കുടിവെള്ള ക്ഷാമത്തിനും എതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
എന്നുവരും കുടിവെള്ളം
ഇൗ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം അതീവ രൂക്ഷമാണ്. അഞ്ഞൂറോളം വീച്ചുട്ടുകാരാണ് വലയുന്നത്. സ്മാർട്ട് റോഡിന്റെ പണി ആരംഭിച്ചതു മുതൽ വഴുതക്കാടിന്റെ പല ഭാഗത്തും കുടിവെള്ളം എത്തുന്നില്ല. പരാതി പറഞ്ഞ നാട്ടുകാരോട് പണി പൂർത്തിയായാലുടൻ വെള്ളമെത്തുമെന്നാണ് അധികൃതരുടെ മറുപടി. വഴുതക്കാട് സി.എസ്.എം നഗർ, പാലോട്ടുകോണം റോഡ് ഭാഗങ്ങളിൽ 45 ദിവസത്തിലധികമായി കുടിവെള്ളം വന്നിട്ട്. നാട്ടുകാർ സംഘടിച്ച് വാട്ടർ അതോറിറ്റി ഓഫിസിൽ പലതവണ സമരം ചെയ്തു. അതിന്റെ ഫലമായി കുടിവെള്ളം ടാങ്കറുകളിൽ എത്തിക്കുന്നുണ്ട്. വീടുകളിൽ അധികവും മുതിർന്ന പൗരന്മാരായതിനാൽ വെള്ളം ചുമക്കണമെന്ന പ്രതിസന്ധി നേരിടുന്നുണ്ട്. റോഡിന്റെ ഭാഗമായി നടന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ പൈപ്പ്ലൈനുകൾ പലതും മണ്ണിട്ട് മൂടിപ്പോയി. ഇപ്പോൾ പൈപ്പ്ലൈൻ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാതെ പോകുന്നതാണ് ജലക്ഷാമത്തിന് മുഖ്യകാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കൗൺസിലർ ഉൾപ്പെടെ ജലക്ഷാമം പരിഹരിക്കാൻ ഇടപെടുന്നുണ്ടെങ്കിലും മന്ത്രി തലത്തിലുള്ള ഇടപെടൽ വേണമെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലം എം.എൽ.എയായ ആന്റണി രാജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൗൺസിലർമാരുടെ യോഗം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.