അക്സസ് കൺട്രോൾ: സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണം വരും
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പുതുതായി ഏർപ്പെടുത്തുന്ന പഞ്ചിങ് സംവിധാനത്തിൽ (അക്സസ് കൺട്രോൾ സിസ്റ്റം) ഉദ്യോഗസ്ഥർക്ക് അടക്കം കർശന നിയന്ത്രണം വരും. ഡ്യൂട്ടിക്കിടെ മറ്റ് ഓഫിസുകളിലേക്ക് പോയാൽ തിരിച്ചുവന്ന ഉടൻ സ്പാർക്കിൽ ഒ.ഡി മാർക്ക് ചെയ്യണം. സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്കിൽ നിന്ന് അനക്സിലെത്താൻ പത്ത് മിനിറ്റാണ് അനുവദിക്കുക. ഇത് ദിവസം മൂന്ന് പ്രാവശ്യമാകും.
ഒരു മാസത്തെ ഗ്രേസ് ടൈം നിലവിലെ 300 മിനിറ്റിൽ നിന്ന് 1200 മിനിറ്റായി ഉയർത്തിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ നിലവിൽ ലഭിച്ചതിനെക്കാൾ 225 മിനിറ്റ് കുറവാണെന്ന് ജീവനക്കാർ പറയുന്നു. 1200 എന്ന് ഉത്തരവിൽ പറയുന്നത് തെറ്റിദ്ധാരണ പരത്തുന്നതാണെന്നാണ് പരാതി. തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മാത്രമാണ് അക്സസ് കൺട്രോൾ ഗേറ്റുകളിലൂടെ ജീവനക്കാർക്ക് പ്രവേശനം. അത് മറന്നാൽ പെൻ നമ്പർ ഉപയോഗിക്കാം.
ആദ്യ പഞ്ചിങ് ഡ്യൂട്ടിക്ക് പ്രവേശിച്ചതായും അവസാനത്തേത് ഡ്യൂട്ടി അവസാനിച്ചതായും രേഖപ്പെടുത്തും. ഇതിനിടയിലുള്ള പഞ്ചിങ് ഓഫിസിലില്ലെന്നും ഇൻ പഞ്ച് ചെയ്യുന്നത് വരെ ഡ്യൂട്ടിയിലല്ലെന്നും രേഖപ്പെടുത്തും. ഉച്ചഭക്ഷണ സമയമായ 45 മിനിറ്റ് അടക്കം 2.15 മണിക്കൂർ സമയം മാത്രമാണ് കാമ്പസിൽ നിന്ന് പറുത്ത് തുടരാനുള്ള അനുമതി. ഇതിൽ കൂടുതലായാൽ അര ദിവസ ലീവായി കണക്കാക്കും.
നാല് മണിക്കൂർ കഴിഞ്ഞാൽ ഒരു ദിവസത്തെ അവധിയായി കണക്കാക്കും. മന്ത്രിമാർക്കും വി.ഐ.പികൾക്കും പഞ്ചിങ് ഇന്നും ഔട്ടും ബാധകമല്ല. ഇവരുടെ നീക്കത്തിന് മാസ്റ്റർ പഞ്ചിങ് കാർഡ് സുരക്ഷ ഉദ്യോഗസ്ഥർക്ക് നൽകും.
സന്ദർശകർ സന്ദർശക സഹായ കേന്ദ്രത്തിൽ (വി.എഫ്.സി) വിശദാംശം നൽകുകയും തിരിച്ചറിയൽ കാർഡ് നൽകുകയും വേണം. അവിടെ നിന്ന് സന്ദർശക തിരിച്ചറിയൽ കാർഡ് നൽകും. ഇത് സന്ദർശനം കഴിഞ്ഞ ശേഷം മടക്കി നൽകണം. അല്ലെങ്കിൽ 500 രൂപ പിഴ ഈടാക്കും. ഇ-ഓഫിസ് വഴി സന്ദർശന സമയം എടുത്തവർക്ക് ക്യൂആർ കോഡുള്ള പാസ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.