മരണക്കെണിയൊരുക്കി തിരുവല്ലം-കോവളം ബൈപാസ്
text_fieldsതിരുവനന്തപുരം: നഗരത്തിൽ ഏറ്റവും കൂടുതൽ വാഹനാപകടമുണ്ടാകുന്ന മേഖലയായി തിരുവല്ലം-കോവളം ബൈപാസ്. തിരുവല്ലത്തിനു സമീപം മാത്രം ഒരുവര്‍ഷത്തിനിടെ, 11 പേരാണ് വാഹനാപകടത്തിൽ മരിച്ചത്. യുവാക്കളുടെ ബൈക്ക് റേസിങ് ഗതാഗത മുന്നറിയിപ്പുകള്‍ അവഗണിച്ച് ബൈപാസ് റോഡിലേക്ക് വാഹനങ്ങള്‍ അതിവേഗത്തില്‍ പായുന്നതാണ് ഈ പാതയെ അപകട മേഖലയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞവര്‍ഷം 1823 വാഹനാപകടങ്ങൾ, 165 മരണം. ഇതിൽ തിരുവല്ലം ബൈപാസിൽ മാത്രം 65 വാഹനാപകടങ്ങളാണുണ്ടായത്. ഇതിൽ 11 പേർ മരിച്ചെന്നത് ഗൗരവതരമാണ്. 33 അപകടങ്ങൾ ഈ ഹൈവേയിലുണ്ടായതിൽ എട്ടു പേർ മരിച്ചു.
ഈ വര്‍ഷം മാത്രം തിരുവല്ലം ഹൈവേയിൽ പൊലിഞ്ഞത് ആറ് വാഹനാപകടങ്ങളിൽ മൂന്ന് ജീവിതങ്ങളാണ്. ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ 200 മീറ്റര്‍ ലോറി വലിച്ചിഴച്ചതും കഴിഞ്ഞ ദിവസത്തെ അമിതവേഗത്തിലുള്ള അപകടവുമാണ് ഈ വര്‍ഷമുണ്ടായത്.
വാഴമുട്ടത്തിനടുത്ത് റേസിങ്ങിനിടെ, അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പേയാണ് ഈ അപകടങ്ങൾ. സര്‍വിസ് റോഡുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഹൈവേയിലേക്ക് കയറാവുന്ന സ്ഥിതിയാണ് തിരുവല്ലം-കോവളം ബൈപാസിലുള്ളത്. ഇതിനിടയിലാണ് അവധി ദിനങ്ങളിലെ റേസിങ് സംഘത്തിന്റെ മരണപ്പാച്ചിൽ.
ഇവിടങ്ങളിൽ പൊലീസ് പരിശോധന ശക്തമാണെങ്കിലും പൊലീസില്ലാത്ത സ്ഥലങ്ങളിൽ നേരത്തെയെത്തി പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ആഡംബര ബൈക്കുകളിലെ അഭ്യാസ പ്രകടനം.
പാതയിൽ എല്ലായിടത്തും സി.സി.ടി.വികളില്ലാത്തതും വൈറൽ ഫോട്ടോ ഷൂട്ടിനെത്തുന്നവര്ക്ക് സൗകര്യമാണ്. വാട്സ്ആപ് ഗ്രൂപ്പുകൾ വഴി പന്തയംവെച്ച് വരുന്നവരുമുണ്ട്. തിരുവല്ലം പാലത്തിന്റെ തുടക്കത്തിലെ വളവിലുള്ള പൊലീസ് പരിശോധനയും അപകട സാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
പ്രതിഷേധ കൂട്ടായ്മ
കോവളം: ബൈപാസിൽ നിരന്തരം നടക്കുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വാഴമുട്ടത്തിനും ചുടുകാടിനുമിടയിൽ അടിപ്പാത നിർമിക്കുക, തകരാറിലായ വാഴമുട്ടത്തെ ട്രാഫിക് സിഗ്നൽ അടിയന്തരമായി പ്രവർത്തിപ്പിക്കുക, ചുടുകാട് ക്ഷേത്ര മീഡിയനിൽ സിഗ്നൽ സ്ഥാപിക്കുക, വെള്ളാർ മുതൽ ചുടുകാട് വരെ കാമറ സ്ഥാപിക്കുക, കോവളം-തിരുവല്ലം ബൈപാസിൽ ബൈക്ക് റൈഡ് നിയന്ത്രിക്കുന്നതിന് രാവിലെ അഞ്ച് മുതൽ ഒമ്പതുവരെ പൊലീസ് പട്രോളിങ് ഏർപ്പെടുത്തുക, ബൈപാസിൽ ടോൾ പ്ലാസ മുതൽ വാഴമുട്ടം വരെ തെരുവുവിളക്ക് സ്ഥാപിക്കുക, വാഴമുട്ടം മുതൽ ടോൾ ഗേറ്റ് വരെ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പാച്ചല്ലൂർ ചുടുകാട് ബൈപ്പാസിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സംഗീത സംവിധായകൻ ഡോ. വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പനത്തുറ പി. ബൈജു അധ്യക്ഷത വഹിച്ചു. തിരുവല്ലം വാർഡ് കൗൺസിലർ സത്യവതി, ഡോ. പാച്ചല്ലൂർ അശോകൻ, എം. അനിൽകുമാർ, പാറവിള വിജയകുമാർ, എസ്. പ്രശാന്തൻ എന്നിവർ സംസാരിച്ചു.
ബൈക്ക് റേസിങ് നിയന്ത്രിക്കണം: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: തിരക്കേറിയ റോഡുകളിൽ റേസിങ് ബൈക്കുകൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറും സംസ്ഥാന ഗതാഗത കമീഷണറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോവളം വാഴമുട്ടത്ത് 12 ലക്ഷത്തിന്റെ ബൈക്കിടിച്ച് കാൽനടയാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമീഷൻ സ്വമേധയാ കേസെടുത്തത്.
റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പനത്തുറ തുരുത്തി കോളനിയിൽ സന്ധ്യ (53) തൽക്ഷണം മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പട്ടം സ്വദേശി അരവിന്ദും (24) മരിച്ചു. കേസ് ഫെബ്രുവരി 28ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.