വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാതെ ട്രെയിനില്‍ കയറാം; പദ്ധതിയിൽ തിരുവനന്തപുരം എയർപോർട്ടും
text_fieldsശംഖുംമുഖം: സില്‍വര്‍ ലൈന്‍ കോറിഡോര്‍ പദ്ധതിയില്‍ തിരുവനന്തപുരം വിമാനത്താവളത്തെക്കൂടി ഉൾപ്പെടുത്താനുള്ള നീക്കം ആരംഭിച്ചു. വിമാനത്താവളത്തില്‍ ഇറങ്ങുന്ന മറ്റ് ജില്ലയിലെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന് പുറത്ത് കടക്കാതെ തന്നെ സില്‍വര്‍ ലൈന്‍ കോറിഡോര്‍ പദ്ധതിയിലൂടെ രൂപപ്പെടുന്ന ട്രെയിനില്‍ വേഗത്തില്‍ തങ്ങളുടെ ജില്ലകളിലെത്താന്‍ കഴിയുന്നതാണിത്.
പദ്ധതിക്കായി തുടക്കത്തില്‍ നടന്ന പഠനത്തില്‍ തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തിയാണ് പഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍, നിര്‍ദിഷ്ട പാതയുടെ അന്തിമ റൂട്ട് കേരള റെയില്‍ ഡെവലപ്മെൻറ് കോര്‍പറേഷന്‍ (കെ-റെയില്‍) പ്രസിദ്ധീകരിച്ചപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തെ പദ്ധതിയില്‍ ഒഴിവാക്കുകയും നെടുമ്പാശ്ശേരി വിമാനത്താവളത്തെ ഉൾപ്പെടുത്തുകയും ചെയ്തു.
പദ്ധതി ആരംഭിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള വിമാനത്താവളത്തെ ഒഴിവാക്കുന്നതിനെതിരെ ചില കോണുകളില്‍നിന്ന് അന്ന് പ്രതിഷേധങ്ങള്‍ ഉയർന്നെങ്കിലും ഇത് മുഖവിലക്കെടുക്കാതെ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിക്കുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിെൻറ തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനായ കൊച്ചുവേളിയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടക്ക സ്റ്റേഷന്. ഇവിടെനിന്ന് തൊട്ടടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പദ്ധതി നീട്ടാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍, തിരുവനന്തപുരം വിമാനത്താവളത്തെ മനഃപൂര്‍വം പദ്ധതിയില്‍നിന്ന് അന്ന് ഒഴിവാക്കുകയായിരുന്നെന്നായിരുന്നു ആക്ഷേപം. എന്നാല്‍, പദ്ധതിയെക്കുറിച്ച് കെ-റെയില്‍ അന്ന് നല്‍കിയ വിശീകരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ പഠനത്തില്‍ ദിനം പ്രതി 710 യാത്രക്കാര്‍ക്ക് മാത്രമേ ഈ റെയില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളൂവെന്നായിരുന്നു.
എന്നാല്‍, ഭാവിയില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ലൈന്‍ നീട്ടുമെന്നായിരുന്നു. എന്നാല്‍, വിമാനത്താവളം അദാനിയുടെ കരങ്ങളിലേക്ക് നീങ്ങിയതോടെ കൂടുതല്‍ വിദേശ സർവിസുകള്‍ എത്തുന്നതിനൊപ്പം ഇതര ജില്ലകളില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണം വർധിക്കും. വിമാനത്താളത്തിന് പുറത്തുനിന്ന് വാഹനമാർഗം മറ്റ് ജില്ലകളില്‍ എത്തുന്നതിനെക്കാള്‍ വേഗത്തില്‍ സ്വന്തം ജില്ലകളിലേക്ക് എത്താന്‍ പറ്റുമെന്ന് വരുന്നതോടെ യാത്രക്കാര്‍ കൂടും. ഇതിന് പുറമേ മറ്റു ജില്ലകളില്‍നിന്നുള്ള വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് വേഗത്തില്‍ വരാനും പോകാനും കഴിയും. ഇതെല്ലാം കൂടി കണക്കിലെടുത്താണ് പദ്ധതിയില്‍ വീണ്ടും തിരുവനന്തപുരം വിമാനത്താവളത്തെ ഉൾപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തെ പദ്ധതിയില്‍ നിലനിര്‍ത്തണമെന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികള്‍ ഉൾപ്പെടെയുള്ളവര്‍ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.