തിരുവനന്തപുരം നഗര റോഡുകൾ സ്മാർട്ടാകും; മാർച്ച് 31നകം
text_fieldsതിരുവനന്തപുരം: അയ്യങ്കാളി ഹാൾ-ഫ്ലൈ ഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിനുതകുന്ന രീതിയില്‍ വികസിപ്പിക്കും. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ്ഫണ്ട് ബോർഡ് നടത്തുന്ന റോഡ് നിർമാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂനിവേഴ്സിറ്റി കോളജ് ഭാഗം ഒന്നും രണ്ടും സോണായും അയ്യങ്കാളി ഹാളിന്റെ ഭാഗം സോണ്‍ മൂന്ന്, നാല് ആയും വികസിപ്പിക്കാനാണ് പദ്ധതി. സോണ്‍ ഒന്നില്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, പ്ലാന്റര്‍ ബോക്സ്, ഇ.വി ചാര്‍ജിങ് സെന്റർ, സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിങ് സ്റ്റേഷനുകള്‍ എന്നീ പ്രവൃത്തികളുണ്ടാകും.
സോണ്‍ രണ്ടില്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റുമിരിക്കാനുള്ള സൗകര്യം, പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍, വീല്‍ചെയര്‍ സൗകര്യം, സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍, ബൈസിക്കിള്‍ പോയിന്റ്, സ്മാര്‍ട്ട് ടോയിലറ്റുകള്‍, എല്‍.ഇ.ഡി ഇന്ററാക്ടിവ് ഫ്ലോര്‍,ബൊള്ളാര്‍ഡ് ലൈറ്റ്സ് എന്നിവ സ്ഥാപിക്കാനാണ് പദ്ധതി.
സോൺ മൂന്നില്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കൽ, മരങ്ങള്‍ക്ക് ചുറ്റുമിരിക്കാനുള്ള സൗകര്യം, പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍, വീല്‍ചെയര്‍ സൗകര്യം, മോഷന്‍ സെന്‍സിങ് ടൈല്‍സ്, പര്‍ഗോള, കോയി ഫിഷ് ഡ്രെയിന്‍, ഗാലറി സീറ്റിങ്, പോസ്റ്റ് ടോപ് ലാമ്പ്, ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
സോണ്‍ നാലിൽ ആന്റി സ്കിഡ് ടൈല്‍സ്, പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍, പോസ്റ്റ് ടോപ് ലാമ്പ്, ട്രാഫിക് ഐലൻഡ്, ലാൻഡ് സ്കേപ്പിങ് എന്നിവയും സജ്ജമാക്കും.
നവീകരണ പ്രവൃത്തി വിലയിരുത്തി
സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി നടക്കുന്ന നവീകരണ പ്രവൃത്തി മന്ത്രി വിലയിരുത്തി. നിലവിൽ ഓട നിര്‍മാണം, അണ്ടര്‍ഗ്രൗണ്ട് പവര്‍ ഡെക്ടുകള്‍ സ്ഥാപിക്കല്‍, ഇന്സ്പെക്ഷന് ചേംബറുകളുടെ നിര്‍മാണം, കൂടിവെള്ള പൈപ്പുകള്‍ ഡെക്ടുകളില്‍ (അണ്ടര്‍ഗ്രൗണ്ട്) സ്ഥാപിക്കുക, ആര്.സി ഡെക്ടുകളുടെ നിര്‍മാണം, 10.5 മീറ്റര്‍ വീതിയില്‍ ബി.ഡി.എം, ബി.സി ഉപയോഗിച്ച് റോഡ് സര്‍ഫസിങ് എന്നീ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിനുമുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. അതിനുശേഷമാകും മാനവീയം മോഡൽ വികസന പദ്ധതി നടപ്പാക്കുക.
13 റോഡുകൾ ഗതാഗതയോഗ്യമാക്കി
സ്മാർട്ട് സിറ്റി പദ്ധതിയിൽ റോഡ് ഫണ്ട് ബോർഡ് വികസിപ്പിക്കുന്ന തലസ്ഥാനത്തെ 13 റോഡുകൾ ഗതാഗതയോഗ്യമാക്കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഉപരിതല നവീകരണം നടത്തുന്ന 28 റോഡുകളില്‍ 13 റോഡുകളിലെ ബി.സി പ്രവൃത്തി പൂര്‍ത്തിയാക്കി. ഗണപതി കോവില്‍ റോഡ്, എസ്.എം.എസ്.എ ഇൻസ്റ്റിറ്റ്യൂട്ട് - ഗവ. പ്രസ് റോഡ്, പബ്ലിക് ലൈബ്രറി- നന്ദാവനം റോഡ്, മാഞ്ഞാലിക്കുളം, പുന്നേന്‍ റോഡ്, കരുണാകരന് സപ്തതി റോഡ്, ആനി മസ്ക്രീന്-ബേക്കറി ജങ്ഷൻ റോഡ്, പുളിമൂട് - റെസിഡന്‍സി റോഡ്, ഹൗസിങ് ബോര്‍ഡ് ജങ്ഷൻ-മോഡല്‍ സ്ക്കൂള് ജങ്ഷൻ, മോഡല്‍ സ്ക്കൂള് ജങ്ഷൻ-മേട്ടുക്കട ജങ്ഷൻ, ആയുര്‍വേദ കോളജ്-ഓൾഡ് ജി.പി.ഒ, സെന്‍ട്രല്‍ തിയറ്റര്‍ റോഡ്, കൃപ തിയറ്റർ-അജന്ത തിയറ്റർ റോഡ് തുടങ്ങിയവയില്‍ ബി.സി പ്രവൃത്തി പൂര്‍ത്തിയായി.
12 സ്മാര്‍ട്ട് റോഡുകളില്‍ രണ്ട് റോഡുകള്‍-മാനവീയവും കലാഭവൻ മണി റോഡും- നേരത്തേ പൂര്‍ണമായും ഗതാഗതയോഗ്യമാക്കി. മറ്റ് 10 റോഡുകള്‍ മാര്‍ച്ച് 31ന് മുമ്പ് ഗതാഗതയോഗ്യമാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കെ.ആർ.എഫ്.ബി സി.ഇ.ഒ അശോക് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.