തിരുവനന്തപുരം നഗരത്തിൽ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാതെ 12349 പേർ
text_fieldsതിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടത്തിൽ നഗരത്തിൽ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്ത 12349 പേർ. കൊവാക്സിൻ എടുത്ത 8108 പേർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം കഴിഞ്ഞു. 58571 പേർക്ക് കോവിഷീൽഡ് വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയവും അതിക്രമിച്ചു.
ചൊവ്വാഴ്ച്ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വാർഡ് തിരിച്ചുള്ള ഇവരുടെ പട്ടിക കൗൺസിലർമാർക്ക് കൈമാറി. കൗൺസിലർ തങ്ങളുടെ വാർഡുകളിലുള്ളവരെ ബന്ധപ്പെട്ട് വാക്സിൻ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും മേയർ പറഞ്ഞു.
സർക്കാർ നിർദേശപ്രകാരം കോർപറേഷൻ നടത്തിയ വിവരശേഖരണത്തിെൻറ ഭാഗമായാണ് കണക്ക്. ആരോഗ്യകാരണങ്ങളാൽ ഇതുവരെ ഒരു ഡോസ് പോലും എടുക്കാത്തവരുടെ പട്ടിക പ്രത്യേകം തയാറാക്കും.
തൈക്കാട് ശാന്തികവാടത്തിലെ വിറക് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് കരാറുകാർ നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു.
ഇലക്ട്രിക് ശ്മശാനത്തിലേതിന് സമാനമായി ഫീസ് ഇനി ശാന്തികവാടത്തിലുള്ള കോർപറേഷൻ കൗണ്ടറിൽ നേരിട്ട് സ്വീകരിക്കും. തുടർന്ന് ക്രമമായ ഇടവേളകളിൽ കരാറുകാരെൻറ അക്കൗണ്ടിലേക്ക് നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. കോർപറേഷൻ നിശ്ചയിച്ച നിരക്കിെൻറ ഇരട്ടിത്തുക ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. അസ്ഥി കൈമാറ്റവും കോർപറേഷെൻറ കൗണ്ടർ വഴി മാത്രം നടത്തും. നിലവിൽ ഇതെല്ലാം കരാറുകാരൻ നേരിട്ടാണ് നടത്തിയിരുന്നത്.
സംസ്കാര ചടങ്ങുകൾ നടത്തുന്നതിന് കോർപറേഷൻ നിശ്ചയിട്ടുള്ള നിരക്ക് പ്രദർശിപ്പിച്ച് ബോർഡുകൾ സ്ഥാപിക്കും. പൂജാ സാധനങ്ങൾ വിൽക്കാൻ കുടുംബശ്രീ കൗണ്ടർ ആരംഭിക്കും. മദ്യപിച്ചോ പുകവലിച്ചോ ചടങ്ങുകൾ നടത്താൻ പാടില്ലെന്ന് ജീവനക്കാർക്ക് കർശന നിർദേശം നൽകും.
വിറക് ശ്മശാനത്തിെൻറ നടത്തിപ്പിന് നിലവിലെ കരാർ അവസാനിക്കാൻ സമയമായതിനാൽ അടുത്തേതിന് ഓപൺ ടെൻഡർ വിളിക്കും. അതേസമയം, പഞ്ചായത്ത് പരിധിയിൽ നിന്നു എത്തിക്കുന്ന മൃതദേഹങ്ങളുടെ സംസ്കാരത്തിന് കൂടുതൽ തുക ഈടാക്കാനും തീരുമാനിച്ചു. നിലവിൽ 1500 രൂപ സംസ്കാരത്തിനും 100 രൂപ ശുചീകരണത്തിനും ഉൾപ്പെടെ 1600 രൂപയാണ് വിറക് ശ്മശാനം ഉപയോഗിക്കുന്നതിന് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള സാധാരണ നിരക്ക്. ബി.പി.എൽ വിഭാഗത്തിൽപെട്ടവർ 750 രൂപ നൽകിയാൽ മതി.
1600 രൂപയുടെ രസീത് നൽകി കരാറുകാരൻ 3000 രൂപ വരെ ഈടാക്കുന്നതായി കോർപറേഷന് നിരവധി പരാധി ലഭിച്ച അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ജമീല ശ്രീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.