60 ലക്ഷം മുടക്കിയ ടൂറിസം പദ്ധതി പാതിവഴിയിൽ
text_fieldsവെഞ്ഞാറമൂട്: ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ച സർക്കാർ പ്രഖ്യാപനങ്ങൾക്കിടെ 60 ലക്ഷം രൂപ മുടക്കിയ ടൂറിസം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയില്‍. മാണിക്കല്‍ പഞ്ചായത്തിലെ തമ്പുരാന് തമ്പുരാട്ടിപ്പാറ കേന്ദ്രമാക്കി ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ പ്രഖ്യാപിച്ച സാഹസിക-തീർഥാടക ടൂറിസം പദ്ധതിയാണ് ലക്ഷ്യം കാണാത്തത്.
2013ലാണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സമുദ്ര നിരപ്പില്‍നിന്ന് 2000 അടി ഉയരത്തില്‍ പാറകളാല്‍ ചുറ്റപ്പെട്ട് 20 ഏക്കറോളം വിസ്തൃതമായ മദപുരം തമ്പുരാന് തമ്പുരാട്ടിപ്പാറയില്‍ ട്രക്കിങ് ഉൾപ്പെടെ വിഭാവനം ചെയ്തിരുന്നു. 55 ലക്ഷം രൂപ അടങ്കല്‍ തുക നിശ്ചയിച്ചതില്‍ 40 ലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നിർമാണവും ആരംഭിച്ചു. മലമുകളിലെത്താന്‍ 220 പടിയുള്ള നടപ്പാതയും മലമുകളില്‍ പാറക്ക് ചുറ്റിനും ഇരുമ്പ് വേലിയും സ്ഥാപിച്ചു. 20 ലക്ഷം രൂപ മുടക്കി ഗാര്‍ഡ് റൂം, കോഫി ഷോപ്പ്, ശുചിമുറി എന്നിവക്കായി കെട്ടിടവും പണിതു. എന്നാൽ, വൈദ്യുതി വിളക്കുകള്‍, റോഡ്, സുരക്ഷാ ക്രമീകരണങ്ങൾ, ട്രക്കിങ് സംവിധാനങ്ങള്‍ ഒന്നും നടപ്പായില്ല. ഇതോടെ മുടക്കിയ പണംകൊണ്ട് പ്രയോജനമില്ലാതെയായി.
നിർമാണം നടത്തിയ കെട്ടിടം നാശത്തിലേക്ക് നീങ്ങുകയാണ്. സരുക്ഷാ വേലിയില്‍ അധികവും മുറിച്ചുകടത്തി. മദ്യപാനത്തിനും മറ്റ് അനാശാസ്യത്തിനുമായി ഇവിടം തെരഞ്ഞെടുക്കുന്നവരേറെ. എന്നാൽ, പ്രദേശത്തിന്റെ പ്രത്യേകത കേട്ടറിഞ്ഞ് ഒട്ടേറെപേര്‍ ഇവിടെ എത്തുന്നുണ്ട്. ഇവര്‍ക്ക് സാമൂഹിക വിരുദ്ധർ ശല്യമായി മാറുന്ന സാഹചര്യമാണ്.
ഇതിനിടെ പാറ ലക്ഷ്യമാക്കി ഖനന ലോബി രംഗത്തുവന്നിരുന്നു. പരിസ്ഥിതി സ്നേഹികളും നാട്ടുകാരിലൊരു വിഭാഗവും സമരത്തിനിറങ്ങുകയും ചെയ്തു. സമരത്തിന് അധികനാള്‍ ആയുസ്സുണ്ടായില്ല. പ്രദേശത്ത് വസ്തു വാങ്ങിക്കൂട്ടിയവര്‍ ക്രഷര്‍ യൂനിറ്റ് ആരംഭിക്കുകയായിരുന്നു. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ടൂറിസം പദ്ധതി ആരംഭിച്ചത് ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കണ്ടത്. എന്നാൽ, അധികൃതരുടെ അനാസ്ഥ ടൂറിസം പദ്ധതിക്കും പാറയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കും തിരിച്ചടിയാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.