നവീകരണം പൂർത്തിയായി, ശ്രീപാദം സ്റ്റേഡിയം നാളെ തുറക്കും
text_fieldsആറ്റിങ്ങല്‍: നവീകരണം പൂർത്തിയായ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം വ്യാഴാഴ്ച കായികലോകത്തിന് സമർപ്പിക്കും. കായികവകുപ്പിന്റെ 9.25 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ഫുട്ബാള്‍ മൈതാനവും 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ജിംനേഷ്യവുമാണ് മൈതാനത്തിലെ പ്രധാന ആകര്ഷണങ്ങള്. ഇതോടെ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയമായി മാറുകയാണ് ശ്രീപാദം.
അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ പാകത്തിലുള്ള ഫുട്ബാള്‍ മൈതാനമാണ് സ്റ്റേഡിയത്തിലുള്ളത്. 1.5 കോടി രൂപ ചെലവിട്ടാണ് ഇതിന്റെ നിര്‍മാണം. നീര്‍വാര്‍ച്ചക്കുള്ള ആധുനിക സംവിധാനങ്ങളുള്‍പ്പെടെ ഒരുക്കിയിട്ടുള്ള മൈതനാമാണിത്. ഈ മൈതാനത്തിന് ചുറ്റുമാണ് സിന്തറ്റിക് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. ഏഴ് കോടിയാണ് ഇതിന്റെ നിര്‍മാണച്ചെലവ്. 110 മീറ്റര്‍ ഹർഡില്‍സ്, 100 മീറ്റര്‍ ഓട്ടം എന്നിവക്കുള്ള സജ്ജീകരണങ്ങളുമുണ്ട്. ലോങ്ജംപ്, ട്രിപ്പിള്‍ ജംപ്, ജാവലിന്‍, ഷോട്പുട്ട്, ഡിസ്കസ് മത്സരങ്ങള്‍ നടത്തുന്നതിനും സൗകര്യമുണ്ട്.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബോക്സിങ്, ഗുസ്തി, തൈക്വാൻഡോ മത്സരങ്ങള്‍ നടത്താം. പ്രധാന മൈതാനത്തിന് പുറത്ത് ഖോ-ഖോ പരിശീലനത്തിനുള്ള ചെറുമൈതാനങ്ങളുമുണ്ട്. സ്റ്റേഡിയത്തിലെ ജിംനേഷ്യം ഇപ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേഡിയത്തോടനുബന്ധിച്ച് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഹോസ്റ്റല്‍ സജ്ജമാണ്. 120 കായികവിദ്യാർഥികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാനും പരിശീലനം നടത്താനും സൗകര്യമുണ്ട്. വിവിധ ജില്ലകളില്‍നിന്നുള്ള സ്കൂള്‍, കോളജ് വിദ്യാർഥികള്‍ ഇപ്പോള്‍ ഇവിടെ താമസിച്ച് പരിശീലനം നടത്തുന്നുണ്ട്.
സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കും.
ഒ.എസ്. അംബിക എം.എല്‍.എ അധ്യക്ഷതവഹിക്കും. അടൂർ പ്രകാശ് എം.പി, നഗരസഭാധ്യക്ഷ എസ്. കുമാരി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സികുട്ടന് എന്നിവര്‍ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.