വാഗ്ദാനങ്ങളെല്ലാം ജലരേഖ കിളിമാനൂർ ടൂറിസം കടലാസിൽ
text_fieldsകിളിമാനൂർ: വിവിധ പ്രദേശങ്ങളെ കോർത്തിണക്കി രൂപരേഖയുണ്ടാക്കിയ കിളിമാനൂർ ടൂറിസം പദ്ധതി ഇപ്പോഴും കടലാസിൽ മാത്രം. കാലങ്ങളായി ജനപ്രതിനിധികളും മന്ത്രിമാരും നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. നിയമസഭ മണ്ഡലം എന്ന പദവി നഷ്ടമായതാണ് ടൂറിസം സ്വപ്നങ്ങളുടെ ചിറകരിഞ്ഞതെന്ന് നാട്ടുകാർ.
കഴിഞ്ഞ രണ്ടു വർഷത്തെ ടൂറിസം സീസൺ കോവിഡും പ്രളയവും മുടക്കി. വീണ്ടും ടൂറിസം സീസൺ തുടങ്ങുമ്പോൾ കാണികളെ വരവേൽക്കാനൊരുങ്ങി പ്രദേശത്തെ ടൂറിസം കേന്ദ്രങ്ങൾ. കടലുകാണിപ്പാറ, മീൻമുട്ടി, കിളിമാനൂർ കൊട്ടാരം, രവിവർമ സാംസ്കാരിക നിലയം, തമ്പുരാട്ടിപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾ കിളിമാനൂരിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നവയാണ്.
അറബിക്കടലുകാട്ടും കടലുകാണിപ്പാറ
സംസ്ഥാന പാതയിൽ കാരേറ്റ് നിന്നും അഞ്ച് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപം സ്ഥിതി ചെയ്യുന്നു കടലുകാണിപ്പാറ. ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലുകാണിപ്പാറ. അഡ്വഞ്ചർ ടൂറിസത്തിന് വലിയ സാധ്യതകൾ ഇവിടെയുണ്ട്. എന്നാൽ ഒന്നും പ്രയോജനപ്പെടുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
പാറകളിൽ മീൻമുട്ടിയുരുമ്മുന്ന 'മീൻമുട്ടി' വെള്ളച്ചാട്ടം
സംസ്ഥാന പാതയിൽ കുറവൻകുഴിയിൽ നിന്നും ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്ത് അതിർത്തിയിൽ ഇരുന്നൂടിയെന്ന സ്ഥലത്താണ് മീൻമുട്ടിവെള്ളച്ചാട്ടം.
കാട്ടരുവിയിലെ ജലം പാറക്കെടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര ദൃശ്യം സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം.
കിളിമാനൂർ കൊട്ടാരവും രവിവർമ സാംസ്കാരിക നിലയവും
വിഖ്യാതനായ ചിത്രകാരൻ രാജാരവിവർമയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരം കാഴ്ചയുടെയും അറിവിന്‍റെയും കേദാരം കൂടിയാണ്.
കേരള ലളിതകലാ അക്കാദമിയുടെ കീഴിൽ സാംസ്കാരിക വകുപ്പ് നിർമിച്ച സാംസ്കാരിക നിലയം മനോഹര കാഴ്ചകളും രവിവർമയുടെ ചിത്രങ്ങൾ കാണാനും അവസരമൊരുക്കുന്നു. സംസ്ഥാന സർക്കാറിന് കീഴിൽ വർഷം തോറും നടത്തുന്ന ഓണം വരാഘോഷത്തിന്‍റെ സമാപന പരിപാടി സാംസ്കാരിക നിലയത്തിൽ നടത്തുമെന്ന് മന്ത്രിമാരടക്കം പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. വീണ്ടും ഓണം എത്തുമ്പോൾ കിളിമാനൂർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓണം വാരാഘോഷത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.