അപകടത്തിൽപ്പെട്ടവർക്ക് ആംബുലൻസ് ജീവനക്കാരുടെ ക്രൂരമർദനം
text_fieldsതിരുവനന്തപുരം: ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കുടുംബം സഞ്ചരിച്ച വാഹനത്തെ അപകടത്തിൽപ്പെടുത്തിയതായി ആരോപണം; അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർമാർ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു.
കഴക്കൂട്ടം സ്വദേശികളായ റഹീസ് ഖാൻ, ഇയാളുടെ മാതൃസഹോദരിയുടെ മകൻ ഷാറൂഖ് ഖാൻ, റഹീസ് ഖാന്‍റെ മകൻ 10 വയസ്സുകാരനായ നഹാസ്ഖാൻ എന്നിവർക്കാണ് ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂര മർദനമേറ്റത്. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കഴക്കൂട്ടത്ത് താമസക്കാരായ റഹീസ്ഖാനും കുടുംബവും വിളപ്പിൽശാലയിൽ എത്തി മാതാവിനെ കണ്ടശേഷം രാത്രി തിരികെ ഇവരുടെ ആപേ വണ്ടിയിൽ കഴക്കൂട്ടത്തേക്ക് മടങ്ങുകയായിരുന്നു. കഴക്കൂട്ടത്തിനു സമീപം ഇവർ സഞ്ചരിച്ച ദിശയിൽ എത്തിയ ആംബുലൻസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ആംബുലൻസ് ഇവരുടെ വാഹനത്തിന് പിന്നിൽ മനഃപൂർവം തട്ടിച്ചതായി പറയുന്നു. നിയന്ത്രണംതെറ്റിയ ആപേ മറിയുകയും വാഹനത്തിൽ ഉണ്ടായിരുന്ന റഹീസ് ഖാൻ (29), ഭാര്യ നൗഫിയ (26) ഇവരുടെ മക്കളായ നഹാസ് ഖാൻ (10), അംഷദ് ഖാൻ (ഒമ്പത്), റഹ്യാന ഫാത്തിമ (ഏഴ്) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ റഹീസ്ഖാൻ ഒഴികെയുള്ളവരെ ഉടൻതന്നെ അപകടത്തിന് കാരണമായ ആംബുലൻസിൽ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. വൈകാതെ റഹീസ് ഖാനെ മറ്റൊരു ഓട്ടോയിൽ എസ്.എ.ടിയിൽ എത്തിച്ചു. അപകടവിവരം അറിഞ്ഞ് റഹീസ്ഖാന്‍റെ മാതൃസഹോദരിയുടെ മകൻ ഷാറൂഖ് ഖാനും ആശുപത്രിയിൽ എത്തി.
ഇതിനിടെ ആംബുലൻസ് ഡ്രൈവർമാർ മറ്റുചിലരെയും കൂട്ടിയെത്തി എസ്.എ.ടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിൽ കയറി റഹീസ് ഖാനെ ക്രൂരമായി മർദിക്കുകയായിരുന്നു. തടയാനെത്തിയ ഷാറൂഖ് ഖാനെയും ഇവർ മർദിച്ച് അവശനാക്കി. മർദനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച 10 വയസ്സുകാരനായ നഹാസ് ഖാനെ ഇവർ എടുത്തെറിഞ്ഞു.
എസ്.എ.ടി യിലെ സുരക്ഷാ ജീവനക്കാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും മുന്നിൽ വെച്ചായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പേരിനുവേണ്ടി വിവരങ്ങൾ തിരക്കിയശേഷം മടങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ആരോഗ്യനില ഗുരുതരമായ റഹ്യാന ഫാത്തിമയെ(ഏഴ്) എസ്.എ.ടിയിൽ നിന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കുട്ടികൾ ഉൾപ്പെടെ മറ്റുള്ളവർക്കും സാരമായ പരിക്കുണ്ട്. അപകടത്തിൽപ്പെട്ടയാളിനെയും ബന്ധുവിനെയും എസ്.എ.ടിക്ക് ഉള്ളിൽ കയറി മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഞായറാഴ്ച വൈകീട്ട് മെഡിക്കൽ കോളജ് പൊലീസ് ഇവരുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.