അമ്പലപ്പുഴ വാഹനാപകടം; മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsവെള്ളറട: അമ്പലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേരില്‍ ആലത്തൂര്‍ നിവാസികളുെട മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്കരിച്ചു. മനുമോഹന്‍ (24), ഷിജിന്‍ദാസ് (24), പ്രസാദ് (24) എന്നിവരുടെ ചേതനയറ്റ ശരീരങ്ങളാണ് വൈകുന്നേരത്തോടെ പെരുങ്കടവിളയിൽ എത്തിച്ചത്. പെരുങ്കടവിള പഞ്ചായത്ത് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിനുവെച്ച ഉറ്റ കൂട്ടുകാരുടെ മുഖം അവസാനമായി ഒരു നോക്കുകാണാന്‍ നൂറുകണക്കിനുപേരാണ് പഞ്ചായത്ത് പരിസരത്തെത്തിയത്. പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ആലത്തൂര്‍ കാനക്കോട് സി.എസ്.ഐ പള്ളിയിലെ പൊതുദര്‍ശനത്തിനും നൂറുകണക്കിനുപേര്‍ ഒഴുകിയെത്തി. ഉറ്റ സുഹൃത്തുക്കളുടെ വിയോഗം നാടിന് തീരാദുഃഖമായി. ആലത്തൂരില്‍ വ്യാപാരികള്‍ ദുഃഖസൂചകമായി കടകള്‍ അടച്ചു.
അവർ ഒരുമിച്ചു; സൗഹൃദത്തിലും മരണത്തിലും
തിരുവനന്തപുരം/വെള്ളറട: ഉറ്റസുഹൃത്തുക്കളായി ഒരുമിച്ച് കൈകോർത്ത് നടന്നവർ മരണത്തിലും ഒരുമിച്ചു. ആ വേർപാട് വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് ആനാവൂർ ആലത്തൂർ നിവാസികൾ. അമ്പലപ്പുഴ കാക്കാഴം റെയിൽവേ ഫ്ലൈ ഓവറിൽ തിങ്കളാഴ്ച പുലർച്ച നടന്ന വാഹനാപകടത്തിൽ ആനാവൂർ ആലത്തൂർ സ്വദേശികളും സുഹൃത്തുക്കളുമായ അഞ്ചുപേരാണ് മരിച്ചത്.
അതിൽ മൂന്നുപേർ ഒരേനാട്ടുകാരും സുഹൃത്തുക്കളുമാണ്. ആനാവൂർ ആലത്തൂർ അമ്പനാട് അനിഴം വീട്ടിൽ പ്രസാദ്, ആലത്തൂർ കാപ്പുകാട്ടുകുളത്തിൻകര വീട്ടിൽ മനുമോൻ, ആലത്തൂർ മച്ചക്കുന്ന് മേലെ പുത്തൻവീട്ടിൽ ഷിജിൻദാസ് എന്നിവരാണ് ആലത്തൂർ നിവാസികൾ.
നിർധരായ മൂന്ന് കുടുംബങ്ങളുടെയും അത്താണികൾ കൂടിയാണ് നിരത്തിൽ പൊലിഞ്ഞത്. ഇടുക്കിയിലെ ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ സഹോദരി നീന മോഹനെ വീട്ടിൽ കൊണ്ടാക്കിയ ശേഷം തിരികെ എറണാകുളത്തേക്ക് പോകാനായാണ് മനു വീട്ടിൽ നിന്നിറങ്ങിയത്. പാറശ്ശാലയിൽ നടന്ന ഒരു വിവാഹത്തിന് പ്രസാദും ഷിജിൻദാസും ഞായറാഴ്ച പോയിരുന്ന വിവരം മാത്രമേ നാട്ടുകാർക്ക് അറിയൂ. ഇവരുടെ വീടിന് സമീപത്തുള്ള സുഹൃത്തിന്റെ കാർ വാങ്ങിയാണ് വിവാഹത്തിന് പോയത്. എന്നാൽ ഇവർ ആലപ്പുഴയിലേക്ക് പോകേണ്ട കാര്യമെന്താണെന്ന് ആർക്കുമറിയില്ല.
അന്വേഷിച്ചപ്പോഴാണ് രാവിലെ പാറശ്ശാലയിൽ വിവാഹത്തിന് പോയ രണ്ടുപേരും വീട്ടിലെത്തിയിട്ടില്ലെന്ന് മനസ്സിലായത്. എറണാകുളത്തെ ജോലി സ്ഥലത്തേക്ക് ട്രെയിനിൽ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച വീട്ടിൽ നിന്നിറങ്ങിയ മനുമോനും അപകടത്തിൽപെട്ടത് വിധിയാണെന്ന് മാത്രമേ നാട്ടുകാർക്ക് പറയാനാകുന്നുള്ളൂ.
പ്രസാദും ഷിജിൻദാസും ഏറെ നാളായി തുമ്പ ഐ.എസ്.ആർ.ഒ കാന്റീനിലെ കരാർ തൊഴിലാളികളാണ്. മനുമോൻ കൊച്ചിയിൽ കിറ്റെക്സ് ഗ്രൂപ്പിലെ ജീവനക്കാരനാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ പെരുങ്കടവിള പഞ്ചായത്തിലും കാനക്കോട് സി.എസ്.ഐ ചർച്ചിലും പൊതുദർശനത്തിന് െവച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിന് പേർ ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.