ആറ്റുകാലിൽ ഭക്തജനത്തിരക്ക് വർധിച്ചു; സൗകര്യമൊരുക്കി അധികൃതർ
text_fieldsതിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ പൊങ്കാലക്ക് മൂന്നുനാൾ ശേഷിക്കെ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് വർധിച്ചു. ഞായറാഴ്ച മുതൽ ക്ഷേത്രത്തിൽ തിരക്ക് ഇതിലും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള മുന്നൊരുക്കം കൈക്കൊണ്ടതായി ക്ഷേത്ര അധികൃതർ വ്യക്തമാക്കി. തിരക്ക് അനിയന്ത്രിതമായാല്‍ ദര്‍ശനത്തിന് പ്രത്യേക സൗകര്യമേര്പ്പടുത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ദർശനത്തിനായി വയോധികര്‍ക്കും വികലാംഗകര്‍ക്കും പ്രത്യേകപരിഗണന നല്‍കും. ഭക്തര്‍ തിരക്കുകൂട്ടരുതെന്നും പൊലീസിന്റെയും സന്നദ്ധഭടന്മാരുടെയും നിർദേശം മാനിക്കണമെന്നും ട്രസ്റ്റ് അധികൃതര്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അപകടങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കവും കൈക്കൊണ്ടിട്ടുണ്ട്.
പൊലീസ്, അഗ്നിരക്ഷ സേന എന്നിവരുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ട്. അപകടമുണ്ടായാല്‍ ആനുകൂല്യത്തിനായി 14 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2020ലെ പൊങ്കാലയുമായി തുലനപ്പെടുത്തുമ്പോള്‍ വരുംദിവസങ്ങളില്‍ ഭക്തരുടെ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനനുസൃതമായ സജ്ജീകരണങ്ങള്‍ ജില്ല ഭരണകൂടവും ട്രസ്റ്റും ഒരുക്കിയിട്ടുണ്ട്.
3300 പൊലീസുകാരെയാണ് സുരക്ഷ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. 150 വളന്റിയര്‍മാരും സേവനത്തിനുണ്ടാകും.
അഗ്നിരക്ഷാസേനയുടെ 250 ജീവനക്കാര്‍, സ്കൗട്ട് ആൻഡ് ഗൈഡ്സിലെ അംഗങ്ങള്‍, സബ് കലക്ടര്‍ നിയോഗിച്ച ജീവനക്കാര്‍ എന്നിവർ കര്‍മരംഗത്തുണ്ടാകും. പൊങ്കാല ദിവസം കെ.എസ്.ആര്.ടി.സി. 400 സര്‍വിസുകള്‍ ക്ഷേത്രത്തിലേക്ക് നടത്തും. ഭക്തര്‍ക്ക് കയറാന്‍ വിവിധ കേന്ദ്രങ്ങളിലാണ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്നദാനം, കുടിവെള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
1270 പൊതുടാപ്പുകള്‍ കൂടി ഭക്തരുടെ ആവശ്യത്തിനായി തയാറാക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ബി. അനില്‍കുമാര്‍, സെക്രട്ടറി കെ. ശിശുപാലന്‍നായര്‍, ചെയര്മാന് എ. ഗീതാകുമാരി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
പൊങ്കാലയുടെ ഒരുക്കം അവസാനഘട്ടത്തിലാണ്. ഹരിതചട്ടം പാലിച്ചാണ് പൊങ്കാല നടത്തുന്നത്. ട്രസ്റ്റ് ഭാരവാഹികളായ പി.കെ. കൃഷ്ണന്‍നായര്‍, വി. ശോഭ, എം.എ. അജിത്കുമാര്‍, ജി. ജയലക്ഷ്മി എന്നിവരും സന്നിഹിതരായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പൊങ്കാല അടുപ്പുവെട്ട്.
നഗരം പൊങ്കാലയുടെ ആരവങ്ങളിലേക്ക് അമർന്നു. പൊങ്കാലക്കലങ്ങളും പൊങ്കാല സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും എങ്ങും ദൃശ്യമാണ്. തിരക്കിനിടയിൽ മോഷണം ഉൾപ്പെടെ തടയുന്നതിനുള്ള നടപടികളും പൊലീസ് കൈക്കൊണ്ടിട്ടുണ്ട്.
പ്രത്യേക മെഡിക്കല്‍ ടീം
രാവിലെ ഏഴുമുതല്‍ രാത്രി 10 വരെ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍
ടീമിന്റെ സേവനം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ 10 മെഡിക്കല്‍ ടീമുകളെ രാവിലെ അഞ്ചുമുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും.
ആരോഗ്യ, ഭക്ഷ്യ സുരക്ഷ വകുപ്പുകളുടെയും കണ്ട്രോള് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു. ജില്ല മെഡിക്കല്‍ ഓഫിസ് മുഖാന്തരമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാവിലെ ഏഴുമുതല്‍ രാത്രി 10 വരെ ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യപരിചരണത്തിനായി രണ്ടുവീതം പീഡിയാട്രീഷ്യന്മാരുടെയും സ്റ്റാഫ് നഴ്സുമാരുടെയും മുഴുവന്‍ സമയ സേവനം ലഭ്യമാക്കി. ഇതുകൂടാതെ, ആയുഷ് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെട്ട എട്ടുപേരുടെ സേവനം ലഭ്യമാക്കി. പൊങ്കാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് നഗരപരിധിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കുന്നതിന് നിർദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ്, കനിവ് 108, കോര്പറേഷന്, ഐ.എം.എ, സ്വകാര്യ ആശുപത്രികള്‍, ഫയര്‍ ഫോഴ്സ് എന്നിവിടങ്ങളില്‍നിന്നുള്ള 35 ആംബുലന്‍സുകള്‍ സജ്ജമാക്കി. കൂടുതല്‍ ആംബുലന്‍സുകളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.