ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്; വിപുലമായ ഒരുക്കം
text_fieldsതിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങളെത്താന് സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് മഹോത്സവം. മാര്‍ച്ച് ഏഴിനാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. ഉത്സവമേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും നിർമാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിർദേശം നല്കി.
വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങള്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തിലായിരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. താല്‍ക്കാലിക/ സ്ഥിരം ഭക്ഷണശാലകളിലെ കുടിവെള്ളം, ആഹാരസാധനങ്ങള്‍ എന്നിവയുടെ സാമ്പ്ളുകള്‍ ശേഖരിക്കും. ‘ആറ്റുകാല്‍ ഉത്സവ കമ്മിറ്റി’ എന്ന പേര് പുറത്തുള്ളവര്‍ അനധികൃതമായി ഉപയോഗിക്കുന്നത് തടയും. കമാനങ്ങളും ശബ്ദസംവിധാനങ്ങളും പൊലീസിന്റെ അനുമതിയോടെയേ സ്ഥാപിക്കാവൂ. വിവിധ വകുപ്പുകളുടെ ചുമതലയിലുള്ള പ്രവൃത്തികള്‍ പരാതികള്‍ക്ക് ഇടനല്കാതെയും കാലതാമസമില്ലാതെയും പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ജി.ആര്. അനില്‍ നിർദേശിച്ചു.
സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫിസറായി സബ് കലക്ടര്‍ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്. ഉണ്ണികൃഷ്ണന്, കലക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ് ജെ, സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ്, ആറ്റുകാല്‍ ക്ഷേത്ര സമിതി സെക്രട്ടറി കെ. ശിശുപാലന് നായര്‍, പ്രസിഡന്റ് അനില്‍കുമാര്‍, ചെയര്‍പേഴ്സണ്‍ ഗീതാകുമാരി, ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജയലക്ഷ്മി ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.