ആയാംകോണം അപകടത്തിൽ പൊലിഞ്ഞ വിദ്യാർഥിനിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
text_fieldsകല്ലമ്പലം: ആയാംകോണം അപകടത്തിൽ പൊലിഞ്ഞ വിദ്യാർഥിനിക്ക് അന്ത്യാഞ്ജലി. ആറ്റിങ്ങൽ മാമം ശ്രീസരസ്സിൽ വിജയകുമാറിന്റെയും മഞ്ജുവിന്റെയും മകൾ കെ.ടി.സി.ടി ആർട്സ് കോളജിലെ എം.എ ഇംഗ്ലീഷ് വിദ്യാർഥിനി ശ്രേഷ്ഠ എം. വിജയ്ക്കാണ് വിടനൽകിയത്. കോളജിലും വീട്ടിലുമായി നടന്ന പൊതുദർശനങ്ങളിൽ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളെത്തി. മരണം സ്ഥിരീകരിച്ചശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പന്ത്രണ്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പന്ത്രണ്ടരയോടെ കല്ലമ്പലം ആഴാംകോണം കെ.ടി.സി.ടി ആർട്സ് കോളജിൽ എത്തിക്കുകയും അവിടെ പൊതുദർശനത്തിന് വെക്കുകയും ചെയ്തു.
വർക്കല കഹാർ, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ്, സുധീർ, നബീൽ നൗഷാദ്, എ. ഫസിലുദ്ദീൻ, എ.എം.എ. റഹീം, ഐ. മൻസൂറുദീൻ, എ. അഫ്സൽ, ഡോ. ഫിറോഷ്, എം.എസ്. ഷഫീർ, മുഹമ്മദ് റിയാസ്, റാഷിദ്, ഡോ. പി.ജെ. നഹാസ്, നവാസ്, അബ്ദുൽ റഷീദ് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഉച്ചക്ക് ഒരു മണിയോടെ ശ്രേഷ്ഠയും കുടുംബവും നിലവിൽ താമസിക്കുന്ന കോരാണി പുണർതം വീട്ടിലെത്തിച്ചു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ വലിയൊരു ജനാവലി ഇവിടെ സന്നിഹിതരായിരുന്നു.
പഠനം കഴിഞ്ഞ് വരുന്ന മകളെയും കാത്തിരുന്ന അമ്മയുടെ നിലവിളിയും കണ്ണീരും കൊണ്ട് ഈ വീട് നിറഞ്ഞു. രണ്ടു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഒ.എസ്. അംബിക എം.എൽ.എ, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോന്മണി, വൈസ് പ്രസിഡൻറ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, എ.എസ്. ശ്രീകണ്ഠൻ തുടങ്ങിയവരും ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ശ്രേഷ്ഠയുടെ ജീവൻ കവർന്ന അപകടമുണ്ടായത്. ദേശീയപാതയിൽ നിയന്ത്രണം വിട്ടെത്തിയ കാർ ആഴാംകോണത്ത് വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറിയായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.