കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തേനീച്ച ആക്രമണം; നിരവധി പേർക്ക് കുത്തേറ്റു
text_fieldsകിളിമാനൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിലെ സ്വകാര്യവ്യക്തിയുടെ കെട്ടിട സമുച്ചയത്തിൽനിന്ന് കൂട്ടമായി പറന്നെത്തിയ തേനീച്ചക്കൂട്ടം ജീവനക്കാരെയും യാത്രക്കാരെയും ആക്രമിച്ചു. ഗുരുതര പരിക്കേറ്റ ഡിപ്പോയിലെ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ അഭാവത്തിൽ മണിക്കൂറുകളോളം പമ്പ് അടച്ചിട്ടു.
സംസ്ഥാന പാതയിൽ കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പമ്പിലെ ജീവനക്കാരായ ചിന്ത്രനെല്ലൂർ സ്വദേശി വിപിൻ, പ്രസാദ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. പമ്പിൽ എണ്ണ അടിക്കാൻ എത്തിയവർക്കും സ്റ്റേഷൻ മാസ്റ്റർ അടക്കം ജീവനക്കാർക്കും കുത്തേറ്റു. ഡിപ്പോക്ക് മുന്നിലുള്ള സ്വകാര്യവ്യക്തിയുടെ വർഷങ്ങൾ പഴക്കമുള്ള കെട്ടിട സമുച്ചയത്തിൽനിന്നാണ് തേനീച്ചക്കൂട്ടമെത്തിയത്. കെട്ടിടത്തിൽ 15ൽപരം തേനിച്ചക്കൂടുകളുണ്ട്. അഞ്ചാം നിലയിലായതിനാൽ ഇവയെ നശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്.
സംഭവമറിഞ്ഞ് പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറടക്കം സ്ഥലത്തെത്തി. തേനീച്ചക്കൂട് നശിപ്പിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വേണമത്രേ.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും സമാന സംഭവങ്ങൾ ഉണ്ടായേക്കാമെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.