പ്രതിഷേധത്തിൽ പ്രക്ഷുബ്ദമായി അഞ്ചുതെങ്ങ്
text_fieldsആറ്റിങ്ങൽ: തീരവാസികളുടെ പ്രതിഷേധത്തിൽ പ്രക്ഷുബ്ദമായി അഞ്ചുതെങ്ങ് തീരം. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ജനപ്രതിനിധികളെയും കലക്ടറെയും തടഞ്ഞു. മുതലപ്പൊഴി ദുരന്തത്തിൽ സർക്കാർ സംവിധാനങ്ങൾ പരാജയമെന്നാരോപിച്ചാണ് തീരവാസികളും മത്സ്യത്തൊഴിലാളികളും പ്രതിഷേധിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ രംഗത്തിറങ്ങുകയും ചെയ്തു.
രാവിലെ പതിനൊന്നോടെ സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വി. ശശി എം.എൽ.എയെയും മത്സ്യത്തൊഴിലാളികൾ തടഞ്ഞു. കലക്ടർ ജേറോമിക് ജോർജ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി മടങ്ങാൻ ശ്രമിക്കവേയാണ് അദ്ദേഹത്തെയും തടഞ്ഞത്. കാണാതായവരെ കണ്ടെത്താൻ അടിയന്തരനടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് തീരവാസികൾ ഇവരെ തടഞ്ഞത്. ഇതിനുശേഷമാണ് നേവിയുടെ സഹായം രക്ഷാപ്രവർത്തനത്തിനുണ്ടായത്.
അപകടം നടന്ന തിങ്കളാഴ്ച തന്നെ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവയൊന്നും ലഭ്യമായില്ല. തിങ്കളാഴ്ച പ്രതികൂല കാലാവസ്ഥയിലാണ് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടത്. ചൊവാഴ്ച കാലാവസ്ഥ പ്രതികൂലമല്ലായിരുന്നു. എന്നാല് സർക്കാർ സംവിധാനങ്ങളുടെ അഭാവം രക്ഷാപ്രവർത്തനത്തിന് കാലതാമസം നേരിട്ടു. ഇതാണ് തീരവാസികളെ കൂടുതൽ പ്രകോപിതരാക്കിയത്. തിങ്കളാഴ്ചയും സമാനരീതിയിൽ സമരങ്ങൾ തീരത്ത് അരങ്ങേറിയിരുന്നു. റോഡുപരോധവും കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധവും നടന്നു.
അപകടം സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ തന്നെ തിരച്ചിലിന് മുന്നിട്ടിറങ്ങിയത്. പ്രതികൂല കാലാവസ്ഥയിൽ ജീവൻപോലും പണയപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനങ്ങൾക്കാണ് മത്സ്യത്തൊഴിലാളികൾ നേതൃത്വം നൽകിയത്. വഴുക്കലുള്ള പുലിമുട്ടുകൾക്കിടയിലിറങ്ങി വല മാറ്റാനുള്ള ശ്രമവും ഇവർ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.