ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു; തമിഴ്നാട്ടിൽനിന്ന് വന്‍തോതില്‍ കോഴി എത്തിയതാണ് വില കുറയാന്‍ കാരണം
text_fieldsനെടുമങ്ങാട് : ഇറച്ചിക്കോഴി വില 160ൽനിന്ന് 90നും താഴേക്കെത്തി. വില ഇനിയും താഴുമെന്നാണ് വ്യാപാരികൾ പറയുന്നത്. ആടിമാസത്തില്‍ മാംസവിഭവങ്ങളോട് തമിഴ്നാട്ടുകാര്‍ക്കുള്ള താൽപര്യക്കുറവ് കാരണം വന്‍തോതില്‍ കേരളത്തിലേക്ക് കോഴി എത്തിയതാണ് വില കുറയാന്‍ കാരണമായി പറയുന്നത്.
തമിഴ്നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂര്‍, രായപ്പന്‍പെട്ടി, നാമക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത്.
കര്‍ക്കടകമാസത്തില്‍ കേരളത്തിലും ഇറച്ചി വിഭവങ്ങളോട് പ്രിയം കുറവാണ്. വിവാഹ സീസണല്ലാത്തതും വില ഇടിവിന് കാരണമായി. 90നും 100നും ഇടയിലാണ് ഇപ്പോൾ കടകളിൽ കോഴിയുടെ വില.
അതേസമയം ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വിലതന്നെയാണുള്ളത്.
ഇറച്ചിക്കോഴിക്ക് വില കൂടുന്നതനുസരിച്ച് വിഭവങ്ങൾക്ക് വില വർധിപ്പിക്കുന്ന ഹോട്ടലുകാർ വില കുറയുമ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാൻ മടിക്കുന്നു. ചിക്കന്‍ കറി, ഫ്രൈ, ഷവര്‍മ, ഷവായ് തുടങ്ങിയ വിഭവങ്ങള്‍ക്ക് കോഴിവില വർധിച്ചപ്പോൾ വില കൂട്ടിയത് അടുത്തിടെയാണ്.
ഒരു കിലോ കോഴിയിറച്ചിക്ക് പത്തോ ഇരുപതോ രൂപ വർധിച്ചാൽ ഹോട്ടലുകാർ വിഭവങ്ങൾക്ക് അതിന്റെ മൂന്നിരട്ടി വില വർധിപ്പിക്കും. ചിക്കൻ ഫ്രൈക്ക് ഗ്രാമങ്ങളിലെ ഹോട്ടലുകളിൽ 120 രൂപ വിലയുണ്ടായിരുന്നപ്പോൾ കോഴി ഇറച്ചി വില പത്തു രൂപ കിലോക്ക് വർധിച്ചപ്പോൾ 200 ഗ്രാം വരുന്ന ഫ്രൈയുടെ വില 140 രൂപയായാണ് ഹോട്ടലുകാർ വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.