തെയ്യക്കോലങ്ങളായി കുട്ടിപ്പൊലീസുകാര്; കാലിഗ്രഫി ശില്പശാലയും നടന്നു
text_fieldsതിരുവനന്തപുരം: പരേഡും വ്യായാമങ്ങളുമൊക്കെയായി കടുത്ത അച്ചടക്കത്തിലാണ് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പരിശീലനവും പ്രവര്‍ത്തനവും. എന്നാല്‍, കാച്ചാണി ഗവ. ഹൈസ്കൂളിലെ കുട്ടിപ്പൊലീസുകാര്ക്ക് ഇന്നലെ തീര്‍ത്തും വ്യത്യസ്തമായ ദിവസമായിരുന്നു. കറുത്ത മഷികൊണ്ട് കണ്ണെഴുതി മുഖത്താകെ ഓറഞ്ച് നിറത്തില്‍ മനയോല ചാര്‍ത്തി ചായില്യവും വെള്ളയുമിട്ട് വടക്കന്‍ മലബാറിലെ തെയ്യക്കോലങ്ങളിലേക്ക് കുട്ടിപ്പൊലീസുകാര് വേഷപ്പകര്‍ച്ച നടത്തി. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വരവിളിയിലെ മുഖത്തെഴുത്ത് ശില്പശാലയാണ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായത്.
ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് ഉദയകുമാറിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂരില്‍ നിന്നുള്ള തെയ്യം കലാകാരന്മാരാണ് ശില്പശാലക്ക് നേതൃത്വം നല്‍കിയത്. അതീവ സൂക്ഷ്മതയും സര്‍ഗാത്മകതയും വേണ്ട കലയാണ് മുഖത്തെഴുത്ത്. ആയിരം അണിയറ കണ്ടവനേ അര തെയ്യക്കാരനാകാന്‍ കഴിയൂ എന്നാണ് വാമൊഴി. മുഖത്തെഴുത്തിലൂടെയാണ് തെയ്യത്തെ തിരിച്ചറിയുന്നത്. മുഖത്തെഴുത്ത് കലയുടെ എല്ലാ വശങ്ങളും പ്രതിപാദിച്ച ശില്പശാല ശ്രദ്ധേയമായിരുന്നു. ശില്പശാലയില് പങ്കെടുത്ത കുട്ടികളുടെ മുഖത്തിന്റെ ഒരു വശത്ത് തെയ്യം കലാകാരന്മാര് മുഖത്തെഴുതി. മറുവശത്ത് കുട്ടികളെക്കൊണ്ട് പരസ്പരം മുഖത്തെഴുതിച്ച് പരിശീലനവും നല്കി. മുഖത്തെഴുതാന്‍ ഉപയോഗിക്കുന്ന ചായില്യം, മനയോല, വെള്ള, അരിപ്പൊടി, മഷി, പച്ച തുടങ്ങിയ ചായങ്ങളെക്കുറിച്ചും ശാന്തം, രൗദ്രം, ആണ് ദൈവം, പെണ് ദൈവം, അമ്മ ദൈവം എന്നിങ്ങനെ തെയ്യക്കോലങ്ങള്ക്കനുസരിച്ച് മുഖത്തെഴുത്തിലുള്ള വൈവിധ്യങ്ങളെക്കുറിച്ചും വിശദമായ ക്ലാസും സംഘടിപ്പിച്ചിരുന്നു.
തുടര്‍ന്ന് ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുടെ നേതൃത്വത്തില്‍ നടന്ന കാലിഗ്രഫി ശില്പശാലയിലും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ പങ്കെടുത്തു.
കാച്ചാണി ഗവണ്മെന്റ് ഹൈസ്കൂളിലെ 35 സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളാണ് ശില്പശാലയില് പങ്കെടുത്തത്.
അക്കാദമിയിൽ ഇന്ന്
രാവി. ഒമ്പത് മുതൽ മ്യൂറൽ ക്യാമ്പ്, ഫോട്ടോഗ്രഫി പ്രദര്‍ശനം, തോറ്റംപാട്ട് ശിൽപശാല-രാവി.10 മുതൽ
ചുമടുതാങ്ങി ബാൻഡിന്റെ മ്യൂസിക് ഷോ- വൈകു. 6.30ന്
പൊട്ടന് തെയ്യത്തെ ആസ്പദമാക്കി ഹരിത തമ്പാന് അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം-രാത്രി 7.45ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.