സിവിൽ സർവീസ്: തിരുവനന്തപുരം ജില്ലയുടെ അഭിമാനത്താരങ്ങളായി ഇവർ
text_fieldsകോവിഡ് പോരാളി സിവിൽ സർവിസിൽ
കൊട്ടിയം: ആതുരസേവനത്തിനിടയിൽ സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് ലഭിച്ചതിെൻറ സന്തോഷത്തിലാണ് മുഖത്തല സ്വദേശിയായ ഡോ. ലളിത് കുമാർ. കൈവച്ച മത്സര പരീക്ഷകളിലെല്ലാം നേടിയ വിജയത്തിെൻറ ആത്മവിശ്വാസവുമായി സിവിൽ സർവിസ് പരീക്ഷണ കളത്തിലേക്കിറങ്ങിയ 26കാരൻ രണ്ടാം ശ്രമത്തിൽ തന്നെ നേടിയത് അഖിലേന്ത്യാടിസ്ഥാനത്തിൽ 211ാം റാങ്കാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് കോവിഡിെൻറ വരവ്. തുടർന്ന് മൈലം, ഇളമ്പള്ളൂർ പി.എച്ച്.സികളിലും ശാസ്താംകോട്ടയിലും പൂതക്കുളത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും സേവനമനുഷ്ഠിച്ചു.
നടുവിലക്കര ആലിയാട്ട് മഠത്തിൽ വെങ്കിട്ടരമണൻ പോറ്റിയുടെയും രാജേശ്വരി അമ്മാളിെൻറയും മകനായ ഡോ. ലളിത് കരിയറിൽ പുതിയൊരു വെല്ലുവിളി എന്ന ലക്ഷ്യവുമായാണ് സിവിൽ സർവിസിലേക്ക് തിരിഞ്ഞത്. പട്ടികയിൽ കയറിപ്പറ്റുമെന്ന ആത്മവിശ്വാസമുണ്ടായിരുന്ന ഡോ. ലളിത് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നിവയിലൊന്ന് കിട്ടുന്നതിനുള്ള കാത്തിരിപ്പിലാണ്.
മുഖത്തല സെൻറ് ജൂഡ്, കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക പഠനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെയായിരുന്നു വിജയം. മെഡിക്കൽ പ്രവേശന പരീക്ഷയിൽ എയിംസിൽ 42ാം റാങ്കും കേരളത്തിൽ 184ാം റാങ്കും അഖിലേന്ത്യ പരീക്ഷയിൽ 556ാം റാങ്കുമായിരുന്നു. ഏക സഹോദരി ശ്രീനിഥി മധുര ഗവ. ശിവഗംഗ മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്തുവരുന്നു. കേരള കോൺഗ്രസ് (എം) കുണ്ടറ മണ്ഡലം പ്രസിഡന്റാണ് പിതാവ് വെങ്കിട്ടരമണൻ പോറ്റി.
മടുക്കാത്ത പോരാട്ടം; ഒടുവിൽ ഈ വിജയം
കൊല്ലം: ജീവിതം അടിമുടി മാറ്റിമറിച്ച ഒരു അപകടത്തിൽ നിന്നുള്ള തിരിച്ചുവരവാണ് പോരുവഴി സ്വദേശി രോഹിൻ രാജിന് ഇന്ന് ജീവിതം. ആ പോരാട്ടവഴിയിൽ സിവിൽ സർവിസ് എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് കഠിനാധ്വാനത്തിലൂടെ കടന്നെത്താനായതിെൻറ ആഹ്ലാദത്തിലാണ് ആ 31കാരൻ. നാലാം ശ്രമത്തിൽ 674ാം റാങ്ക് എന്ന നേട്ടം സ്വന്തമാക്കിയ വിവരം കെ.എ.എസ് പരിശീലനത്തിനിടയിലാണ് രോഹിൻ രാജിനെ തേടിയെത്തിയത്. സപ്ലിമെന്ററി റാങ്ക് ലിസ്റ്റിലൂടെ കെ.എ.എസ് സ്വന്തമാക്കിയ, രോഹിൻ കേന്ദ്രസർവിസിലേക്ക് എത്തുന്നതിന് അഞ്ച് വർഷമായി നടത്തുന്ന അത്യധ്വാനത്തിനാണ് ഫലപ്രാപ്തിയായത്.
പോരുവഴി പേരൂർവീട്ടിൽ രോഹിൻ രാജിെൻറ പോരാട്ടകഥ പക്ഷേ അതിനും മുമ്പേ തുടങ്ങിയിരുന്നു. 2013 മലനട ക്ഷേേത്രാത്സവത്തിനിടയിൽ എടുപ്പ്കുതിരയുടെ ഒരു ഭാഗം തലയിൽ പതിച്ച് ഗുരുതരമായി പരിക്കേറ്റ് ഒരുമാസത്തോളം കോമയിൽ ആയിരുന്നു രോഹിൻ. തുടർച്ചയായ ചികിത്സക്കൊടുവിൽ ഭാഗികമായി മാത്രം തിരിച്ചുകിട്ടിയ കേൾവിശക്തിയും മുഖത്തിെൻറ ഒരു ഭാഗത്തിന് സംഭവിച്ച പരാലിസിസുമായി പോരാടിയാണ് പിന്നീടുള്ള ജീവിതം. മെക്കാനിക്കൽ എൻജിനീയറായ രോഹിൻ അപകടത്തിൽ നിന്നുള്ള തിരിച്ചുവരവിനിടയിൽ വിദൂര പഠനത്തിലൂടെ സേഫ്റ്റി മാനേജ്മെന്റിൽ എം.ബി.എയും സ്വന്തമാക്കി.
തുടർന്ന് ഒരു വർഷം ഒമാനിൽ സേഫ്റ്റി അഡ്വൈസറായും ജോലി നോക്കി. ഒപ്പം താമസിച്ച് പഠിച്ചവർ, കർഷകനായ പിതാവ് രാജശേഖരൻ പിള്ള, മാതാവ് ഇന്ദിരബായി, നഴ്സായ സഹോദരി രുക്മരാജ്, മുത്തശ്ശി ഗൗരിക്കുട്ടി എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും ഈ പോരാട്ടത്തിന് കരുത്തായിരുന്നു എന്ന് രോഹിൻ പറയുന്നു.
ഒമ്പതാം ശ്രമത്തിൽ മികവിലേക്ക്
കൊല്ലം: പഠനം കൊണ്ടും ജോലി കൊണ്ടും എൻജിനീയർ ആയിരുന്നയാൾ സിവിൽ സർവിസ് എന്ന മോഹവുമായി ഇറങ്ങിത്തിരിച്ച കഥയാണ് പരവൂർ സ്വദേശി ദീപു സുധീറിന്റേത്. ഒടുവിൽ ഒമ്പതാം ശ്രമത്തിൽ സിവിൽ സർവിസ് അഖിലേന്ത്യ റാങ്കിൽ ആദ്യ അഞ്ഞൂറിനുള്ളിൽ ഇടംപിടിച്ചതിന്റെ സംതൃപ്തിയിലാണ് ഈ 32കാരൻ. 2020ൽ ഏഴാം തവണത്തെ ശ്രമത്തിൽ 599ാം റാങ്കുമായി ഇന്ത്യൻ ഇൻഫർമേഷൻ സർവിസിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, ഇനിയും തനിക്ക് മുന്നേറാനാകുമെന്ന ആത്മവിശ്വാസത്തിൽ വീണ്ടും ശ്രമം തുടർന്നപ്പോൾ, അവസാന ശ്രമത്തിൽ 495ാം റാങ്ക് എന്ന നേട്ടമാണ് ഇത്തവണ എത്തിയത്.
ഏറെ താൽപര്യമുള്ള റവന്യൂ അല്ലെങ്കിൽ ഓഡിറ്റ് ആൻഡ് അക്കൗണ്ട് എന്നിവയിലേതെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ബിരുദവും നോക്കിയയിൽ ഉണ്ടായിരുന്ന ജോലിയും മാറ്റിവെച്ച് സിവിൽ സർവിസ് പഠനത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യ വർഷങ്ങളിലെ പഠനാനുഭവം സ്വയം ഒരു സിവിൽ സർവിസ് കോച്ചിങ് അധ്യാപകനായും പരുവപ്പെടുത്തി. അങ്ങനെ കോച്ചിങ്ങിനെത്തുന്നവർക്ക് സോഷ്യോളജി പഠിപ്പിച്ച് നേടിയ അനുഭവസമ്പത്ത് കൂടിയാണ് തന്നെ ഒരു സിവിൽ സർവിസ് റാങ്ക് ജേതാവാക്കിയതെന്നാണ് ദീപു സുധീറിന് പറയാനുള്ളത്.
നിലവിൽ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിലെ അസിസ്റ്റന്റ് ഡയറക്ടർ പദത്തിൽനിന്ന് ലീവെടുത്താണ് പരീക്ഷക്കായി പരിശീലിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പിൽനിന്ന് വിരമിച്ച പിതാവ് ആർ. സുധീറും മയ്യനാട് യു.പി സ്കൂൾ അധ്യാപികയായിരുന്ന മാതാവ് സി.വി. ബിന്ദുവും സഹോദരൻ നിബുവും നൽകിയ പിന്തുണയും ഈ നേട്ടത്തിന് കൂട്ടായുണ്ട്.
സ്കൂൾ കാലം തൊട്ടുള്ള മോഹം
കൊല്ലം: സ്കൂൾ കാലംതൊട്ട് ഗൗതം രാജിന്റെ മനസ്സിൽ കൂടിയതാണ് സിവിൽ സർവിസ് സ്വപ്നം. രണ്ടു തവണ ആ സ്വപ്നസാഫല്യം നേടി സിവിൽ സർവിസ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും കൂടുതൽ മികച്ചത് എന്ന ലക്ഷ്യത്തിലേക്കായിരുന്നു ഉന്നം. അതിനായുള്ള പരിശ്രമം മൂന്നാംവട്ടമെത്തിയപ്പോൾ 210ാം റാങ്ക് എന്ന സന്തോഷത്തിൽ നിറഞ്ഞുചിരിക്കുകയാണ് ചവറ തോട്ടിനു വടക്ക് പടീറ്റതിൽ ഗൗതംരാജ്. കാൺപൂർ ഐ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ മികവുമായി പരിശ്രമിച്ച് 2019ൽ 353, 2020ൽ 310 എന്നീ റാങ്കുകൾ നേടിയിരുന്നു.
നിലവിൽ ഇന്ത്യൻ പോസ്റ്റൽ സർവിസിൽ പരിശീലനത്തിലാണ്. ഈ ജോലിയുടെ തിരക്കിനിടയിലും വിശ്രമമില്ലാതെ വീണ്ടും പരീക്ഷക്ക് തയാറെടുത്തത് റാങ്ക് മികച്ചതാക്കി സിവിൽ സർവിസിലെ മുൻനിര ഓപ്ഷനുകളിലൊന്ന് നേടുക എന്ന ലക്ഷ്യത്തിലാണ്. പുതിയകാവ് അമൃത വിദ്യാലയകാലം കൂടെക്കൂടിയ സിവിൽ സർവിസ് മോഹം രാജ്യത്തെ മുൻനിര ഐ.ഐ.ടിയിലെ എൻജിനീയറിങ് പഠനത്തിനിടയിലും ഉപേക്ഷിച്ചില്ല. നിരന്തരം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായി മികച്ച റാങ്കും ഇപ്പോൾ സ്വന്തമാക്കി. ഭാര്യ അർച്ചന 2019ൽ സിവിൽ സർവിസ് 99ാം റാങ്ക് ജേതാവാണ്.
നിലവിൽ എറണാകുളത്ത് ഇൻകം ടാക്സ് അസിസ്റ്റന്റ് ഓഫിസറായ അർച്ചനയുടെയും സീനിയർ ഫിനാൻസ് ഓഫിസർ ആയി വിരമിച്ച പിതാവ് സോമരാജൻ പിള്ളയുടെയും പനയന്നാർകാവ് സർദാർ വല്ലഭ്ഭായ് പട്ടേൽ സ്മാരക ഹൈസ്കൂളിലെ പ്രഥമാധ്യാപികയായ മാതാവ് ആർ. സുഷമാ ദേവിയുടെയും പിന്തുണയും വിജയത്തിന് പിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.