പാലോട് സംഘർഷം; 36 പ്രതികളെ വെറുതെവിട്ടു
text_fieldsപാലോട്: 2009ൽ പാലോട് പൊലീസും നാട്ടുകാരും ഏറ്റുമുട്ടിയ സംഭവത്തിൽ 36 പ്രതികളെ വെറുതെവിട്ടു. പാലോട് സബ് രജിസ്ട്രാർ ഓഫിസ് പെരിങ്ങമ്മല പഞ്ചായത്തിൽനിന്ന് മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലിൽ കലാശിച്ചത്.
പൊലീസിനെ ആക്രമിച്ചതിനാണ് 38 പേരെ പ്രതിയാക്കി കേസെടുത്തത്. കേസിൽ നെടുമങ്ങാട് ഫോറസ്റ്റ് കോടതിയാണ് പ്രതികളെ വെറുതെവിട്ട് ഉത്തരവായത്.
മുൻ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഡി. രഘുനാഥൻ നായർ, എ. ഇബ്രാഹിം കുഞ്ഞ്, കോൺഗ്രസ് േബ്ലാക്ക് പ്രസിഡന്റ് ബി. പവിത്രകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി ജോർജ് ജോസഫ്, എ.എം. മുസ്തഫ, ബി.ജെ.പി നേതാവ് മാമൂട് തുളസി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി ഡി. കുട്ടപ്പൻ നായർ, ഷെനിൽ റഹിം, ഷിറാസ്ഖാൻ ഉൾപ്പെടെയുള്ളവർ പ്രതികളായിരുന്നു.വിചാരണ ഇഴഞ്ഞുനീങ്ങിയതോടെ കേസിലെ പ്രതിയായ എ.എം. മുസ്തഫ ഹൈകോടതിയിൽനിന്ന് സ്പീഡ് ട്രയലിന് അനുമതി വാങ്ങിയതിനെ തുടർന്നാണ് 14 വർഷം നീണ്ട കോടതി വ്യവഹാരത്തിന് പരിഹാരമുണ്ടായത്.
2009 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. വർഷങ്ങളായി പെരിങ്ങമ്മല പഞ്ചായത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സബ് രജിസ്ട്രാർ ഓഫിസ് കോടതി ഉത്തരവിനെ തുടർന്ന് നന്ദിയോട് പഞ്ചായത്തിൽ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സംഘർഷമുണ്ടായത്.
സ്ഥാപനം നന്ദിയോട് പഞ്ചായത്തിലേക്ക് മാറ്റുന്നതിനെതിരെ പെരിങ്ങമ്മല പഞ്ചായത്തിലെ നാട്ടുകാർ സമരസമിതി രൂപവത്കരിച്ച് സമരം നടത്തിവരികയായിരുന്നു. ഇതിനിടയിൽ ഓഫിസ് മാറ്റണമെന്ന് കോടതിയുടെ അന്തിമ ഉത്തരവിറങ്ങി. തുടർന്ന് വൻ പൊലീസ് സന്നാഹത്തിൽ ഓഫിസ് മാറ്റുന്ന നടപടികളിലേക്ക് കടക്കുകയായിരുന്നു.
നടപടികൾ ആരംഭിച്ചതോടെ സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിൽനിന്ന് പൊലീസിനുനേരെ കല്ലേറുണ്ടായി.
കല്ലേറിൽ ഡിവൈ.എസ്.പി സുകേശന് പരിക്കേറ്റു. ഇതോടെ പൊലീസ് ലാത്തിവീശി കണ്ണിൽ കണ്ടവരെയൊക്കെ മർദിച്ചു. സമരത്തിനെത്തിയ നിരവധി സ്ത്രീകൾക്കും പരിക്കേറ്റു. വാഹങ്ങൾക്ക് കേട് പറ്റി.
പൊലീസ് സംഭവസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ പെട്രോൾ ടാങ്ക് കുത്തിപ്പൊട്ടിച്ച് മണ്ണ് വാരിയിട്ട സംഭവംപോലുമുണ്ടായി. സമരത്തിന് നേതൃത്വം നൽകിയവരും നാട്ടുകാരുമടക്കം 38 പേർക്കെതിരെ പൊലീസിനെ ആക്രമിച്ച കുറ്റത്തിന് കേസെടുത്തു. 21 പൊലീസുകാർക്ക് പരിക്കേറ്റെന്നതായിരുന്നു റിപ്പോർട്ട്.
വിവിധ ഘട്ടങ്ങളിലായി എ.ഡി.എമ്മും പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം 74 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ഇതിൽ 34 പേർ സർക്കാർ ഉദ്യോഗസ്ഥരാണ്.
എന്നിട്ടും പ്രതികൾ കുറ്റം ചെയ്തതായി തെളിയിക്കാൻ കഴിയാത്തതിനാലാണ് 36 പേരെ വെറുതെവിട്ടത്. കോടതിയിൽ ഹാജരാകാത്തതിനാൽ രണ്ടുപേരെ മാറ്റിനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.