ഇടിത്തീയായി പാചകവാതക വിലക്കയറ്റം; ജനജീവിതം വറചട്ടിയിൽനിന്ന് എരിതീയിലേക്ക്
text_fieldsതിരുവനന്തപുരം: സർവത്ര വിലക്കയറ്റത്തിന് പിന്നാലെ പാചകവാതകത്തിനും വില കൂടുന്നതോടെ സാധാരണക്കാരുടെ ജീവിതം വറചട്ടിയിൽനിന്ന് വീഴുക എരിതീയിലേക്ക്.
വരുമാനം ചുരുങ്ങുകയും നിത്യനിദാന ചെലവുകൾ നിലവിട്ടുയരുകയും ചെയ്യുന്നതിനിടയിലാണ് കണ്ണിൽചോരയില്ലാത്ത സിലിണ്ടർ വില വർധന. വരവും ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവർക്കാണ് ഇരട്ടി പ്രഹരം. വാടകവീടുകളിൽ കഴിയുന്നവർക്ക് പ്രത്യേകിച്ചും. ഗ്യാസ് തീരുമെന്ന് കണ്ട് വെള്ളം തിളപ്പിക്കാൻപോലും ഭയപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ.
നിത്യോപയോഗ സാധനങ്ങളുടെ വില വർധനക്കും വൈദ്യുതി-വെള്ളച്ചാർജ് വർധനക്കും പിന്നാലെയാണ് അടുക്കളയിലേക്കും സിലിണ്ടർ വിലയുടെ രൂപത്തിൽ തീ ആളുന്നത്. പാചക വാതക സബ്സിഡി ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനമെങ്കിലും ഈ നടപടി അപ്രഖ്യാപിതമായി കേന്ദ്രം അവസാനിപ്പിച്ചിട്ട് രണ്ട് വർഷമാകുന്നു. 2020 ഫെബ്രുവരിയിൽ സിലിണ്ടറിന് 858 രൂപയുണ്ടായിരുന്നപ്പോൾ 290 രൂപക്കടുത്തായിരുന്നു സബ്സിഡി തുക. എന്നാൽ, 2020 ജൂലൈയിൽ പാചകവാതക വില ഘട്ടംഘട്ടമായി കുറഞ്ഞ് 594 രൂപയിൽ എത്തിയതോടെയാണ് സബ്സിഡി കേന്ദ്രസർക്കാർ ഒഴിവാക്കിയത്.
ഇപ്പോൾ വില ആയിരം പിന്നിട്ടിട്ടും സബ്സിഡിയെക്കുറിച്ച് കേന്ദ്രത്തിന് മിണ്ടാട്ടമില്ല. 2014 ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ 400 രൂപയുണ്ടായിരുന്ന സിലിണ്ടറിന് മാർച്ച് ഒന്നിലെ 49 രൂപയുടെ വർധനയോടെ 1110 രൂപയാണ് നൽകേണ്ടത്. എട്ടു വർഷത്തിനിടെ 19 തവണയാണ് സിലിണ്ടർ വില ഉയർന്നത്.പെട്രോൾ, ഡീസൽ വില അടിക്കടി ഉയരുന്നതിന്റെ പ്രഹരമേറ്റ് വലയുന്നതിനിടെയാണ് പാചക വാതക വില ഒറ്റയടിക്ക് 50 രൂപ കൂടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നതിനിടെ ഈ പട്ടികയിലേക്ക് പാചക വാതകം കൂടി ഉൾപ്പെടുന്നതോടെ ദിവസവരുമാനക്കാരെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. വാണിജ്യ സിലിണ്ടറിന്റെ വിലകൂടി കുത്തനെ കൂടിയതോടെ സാധാരണക്കാരന്റെ വയറ്റത്തടിച്ച് ഹോട്ടൽ ഭക്ഷണത്തിനടക്കം വില ഉയരുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. നഗരത്തിലെ ഹോട്ടലുകളും ചായക്കടകളും ഉൾപ്പെടെ ഭക്ഷണശാലകളിൽ സബ്സിഡിയില്ലാത്ത സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. ഇത് ഭക്ഷണസാധനങ്ങളുടെ വിലവർധനക്കും ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സാധാരണ ജനജീവിതം താറുമാറാക്കുന്ന വിധം പരക്കെ വിലക്കയറ്റത്തിലേക്ക് നീങ്ങുമ്പോൾ ഇത് ചെറുക്കാൻ കഴിയാതെ നിസ്സഹായതയാണ് എങ്ങും. 2020 നവംബര്മുതലാണ് പാചകവാതക വില കാര്യമായി ഉയര്ന്നു തുടങ്ങിയത്.
പാചകവാതക വില കത്തിക്കയറിയതോടെ വിറകടുപ്പിലേക്ക് മാറാനുള്ള തയാറെടുപ്പുകളും സജീവമാണ്. മിക്ക വീടുകളിലും ഉപയോഗശൂന്യമായിക്കിടന്ന പുകയില്ല അടുപ്പുകൾക്കും തീപിടിച്ചു തുടങ്ങി. ചോറ് വെക്കാനടക്കം വീടിന്റെ പിൻഭാഗത്ത് ഇഷ്ടികവെച്ച് വിറകടുപ്പ് തയാറാക്കുകയാണ് പലരും. നേരത്തേ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിലായിരുന്നു വിറകടുപ്പുകൾ അധികം ഉപയോഗിച്ചിരുന്നത്. ഡിമാൻഡ് വർധിച്ചതോടെ വിറകിനും വില കൂടിയിട്ടുണ്ടെന്നതാണ് മറ്റൊരു കൗതുകം. പറമ്പിൽനിന്ന് വിറക് ശേഖരിച്ച് സൂക്ഷിക്കുന്ന രീതികളൊക്കെ അവസാനിച്ചതോടെ തടിമില്ലുകളാണ് ആശ്രയം. മില്ലുകളിൽ വിറകിനും ആവശ്യക്കാരേറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.