സി.പി.എം രാഷ്ട്രീയം ആർ.എസ്.എസിൽ ലയിച്ചുചേരുന്നു -കെ.എ. ഷഫീഖ്
text_fieldsതിരുവനന്തപുരം: സംഘ്പരിവാറിന്റെ സാസ്‌കാരികവും രാഷ്ട്രീയവുമായ ഉള്ളടക്കവും കേരള സി.പിഎമ്മിൻ്റെ നിലപാടുകളും ഒന്നായി മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എ. ഷഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരരഞ്ഞെടുപ്പ് വിജയത്തിന് ഇസ്ലാമോഫോബിയ നിലപാടുകൾ സ്വീകരിക്കുന്ന അപകടകരമായ സമീപനമാണ് സി.പി.എം പുലർത്തുന്നത്. മുനമ്പം വിഷയത്തിൽ ഗവൺമെന്റിന്റെ ഒരു ഉത്തരവാദിത്വവും നിർവഹിക്കാതെ ഉപതെരഞ്ഞെടുപ്പ് സന്ദർഭത്തിൽ തന്ത്രപരമായ മൗനം പുലർത്തി. പിന്നാക്ക ജനവിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുവാനുമുള്ള സാധ്യത ഒരുക്കിക്കൊടുക്കുക വഴി ആർ.എസ്.എസിന് പശ്ചാത്തലമൊരുക്കുന്ന ദാസ്യപ്പണിയിലേക്ക് മതേതര പാരമ്പര്യം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എത്തിപ്പെട്ടു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര മൂല്യങ്ങൾ ഉയർത്തി സംഘ്പരിവാറിനെതിരെ ശക്തമായ ഐക്യനിര കെട്ടിപ്പടുക്കാനും കേരളത്തിൽ സി.പി.എം നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളെ പ്രതിരോധിക്കുവാനും വെൽഫെയർ പാർട്ടി രാഷ്ട്രീയ പോരാട്ടം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡന്‍റായി അഷ്‌റഫ് കല്ലറയേയും ജനറൽ സെക്രട്ടറിമാരായി മെഹബൂബ് ഖാൻ പൂവാർ, ആദിൽ അബ്ദുറഹീം എന്നിവരെയും തിരഞ്ഞെടുത്തു. 2024-2026 കാലയളവിലേക്കുള്ള ജില്ല സമിതിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ല ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൽ പ്രതിനിധികൾ ചർച്ച നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എ. ഷെഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ പ്രേമ ജി. പിഷാരടി, ഡോ. അൻസാർ അബൂബക്കർ എന്നിവർ സമ്മേളന നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.