നോക്കുകൂലി ആവശ്യപ്പെട്ട് മർദനം
text_fieldsപോത്തൻകോട്: പോത്തൻകോട്ട് നോക്കുകൂലി കൊടുക്കാത്തതിന് കയറ്റിറക്ക് തൊഴിലാളികളുടെ വക കട ഉടമക്ക് നേരെ അസഭ്യംവിളിയും ജീവനക്കാരന് മർദനവും. തിരുവനന്തപുരം പോത്തൻകോട് മൊത്തവ്യാപാര സ്ഥാപനത്തിലാണ് യൂനിയനുകളുടെ അതിക്രമം. എ.ഐ.ടി.യു.സി, ബി.എം.എസ്, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങി സംയുക്ത ട്രേഡ് യൂനിയനുകളിൽപെട്ടവരാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. സംഭവത്തിനെതിരെ കടയുടമ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിനും മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും പരാതി നൽകി. കഴിഞ്ഞ 24ന് പോത്തൻകോട് ജങ്ഷനിലെ നസീല ട്രേഡേഴ്സ് എന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലാണ് സംഭവം. രാവിലെ 10.30ന് റീട്ടെയിൽ കടയിൽ നാല് ചാക്ക് അരി ലോറിയിൽ കയറ്റാൻ കയറ്റിറക്ക് തൊഴിലാളികളെ വിളിച്ചു. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞിട്ടും വരാത്തതിനെ തുടർന്ന് കടയിലെ തൊഴിലാളികൾ ചാക്ക് ലോറിയിൽ കയറ്റിയ സമയം കയറ്റിറക്ക് തൊഴിലാളികൾ വരുകയും ലോറി തടയുകയും ജീവനക്കാരനെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.
തുടർന്ന് കടയുടെ മുന്നിലെത്തി സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളുടെ മുന്നിൽ വെച്ച് കടയുടമ അബ്ദുൽ സലാമിനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നേരത്തേയും നോക്കുകൂലി ആവശ്യപ്പെടുകയും അതു കൊടുക്കാൻ നിർബന്ധതിരാകുകയും ചെയ്തതായി അബ്ദുൽസലാം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് നൽകിയ പരാതിയിൽ പറയുന്നു. നോക്കുകൂലി കൊടുക്കാതെ വന്നാൽ അസഭ്യം വിളിയും ഭീഷണിയുമാണ് നിരന്തരം ചെയ്യുന്നതെന്നും അബ്ദുൽസലാം പരാതിയിൽ പറയുന്നു.
കയറ്റിറക്ക് തൊഴിലാളികളുടെ ഗുണ്ടായിസം മൂലം 28 വർഷമായി ചെയ്യുന്ന കച്ചവടം തന്നെ പൂട്ടേണ്ട അവസ്ഥയിലാണെന്നും അബ്ദുൽസലാം പറയുന്നു. കൂടാതെ, ഉത്സവങ്ങളും മറ്റു വിശേഷ ദിവസങ്ങളും വന്നാൽ ഭീമമായ തുകയാണ് സംഭാവനയായി ഇവർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഓണത്തിന് ആഘോഷത്തിനായി 5000 രൂപ നിർബന്ധമായി വാങ്ങിയെന്നും അബ്ദുൽസലാം പറയുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി പോത്തൻകോട് യൂനിറ്റിന്റെ ട്രഷറർ കൂടിയാണ് അബ്ദുൽസലാം. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടു. എന്നാൽ, ജീവനക്കാരനെ മർദിച്ചെന്നത് അടിസ്ഥാനരഹിതമാണെന്നും അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തൊഴിലാളി യൂനിയൻ നേതാക്കൾ പറഞ്ഞു. പലപ്പോഴും തൊഴിലാളികൾ ഊണ് കഴിക്കാൻ പോകുന്ന സമയത്താണ് ലോഡുകൾ വരാറുള്ളതും അതിനാലാണ് ലോഡ് ഇറക്കാനുള്ള താമസം ഉണ്ടാകുന്നതെന്നും തൊഴിലാളി യൂനിയനുകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.