സാമ്പത്തിക നിയന്ത്രണം കാറ്റിൽപറത്തി വകുപ്പുകൾ; വീണ്ടും കർക്കശമാക്കി ധനവകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ധനവകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ പല സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും കാറ്റിൽപറത്തി.
വിദേശയാത്ര, വാഹനം വാങ്ങൽ, വിമാനയാത്ര, ടെലിഫോൺ ഉപയോഗം, ഉദ്യോഗസ്ഥ പുനർവിന്യാസം, ജോലി ക്രമീകരണ വ്യവസ്ഥ എന്നിവയിലെല്ലാം കടുത്ത നിയന്ത്രണങ്ങൾ ധനവകുപ്പ് കൊണ്ടുവന്നിരുന്നു. എന്നാൽ പല വകുപ്പുകളും ഇത് മറികടന്ന് പ്രവർത്തിച്ചതായി ധനവകുപ്പ് കണ്ടെത്തി.
വിദേശ യാത്രയും തസ്തിക സൃഷ്ടിക്കലും വാഹനം വാങ്ങലും യഥേഷ്ടം നടന്നു. വിമാനയാത്ര നിയന്ത്രണവും ആരും പാലിക്കുന്നില്ല. സാമ്പത്തികസ്ഥിതി കൂടുതൽ വഷളായതോടെ വീണ്ടും നിയന്ത്രണം കർക്കശമാക്കാൻ ധനവകുപ്പ് തീരുമാനിച്ചു.
സർക്കാറിന്റെ ധനദൃഢീകരണ നടപടികളെ ദുർബലപ്പെടുത്തുന്ന സ്ഥിതി ഉണ്ടായെന്നും സാഹചര്യം അതിഗൗരവമായി സർക്കാർ വീക്ഷിക്കുന്നുവെന്നും ചീഫ് സെക്രട്ടറി വി.പി. ജോയി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ചെലവ് നിയന്ത്രണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി എടുക്കാനാണ് പുതിയ തീരുമാനം.
സർക്കാർ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ, മറ്റ് സ്വയംഭരണ-ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, സർവകലാശലകൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമീഷനുകൾ, എയ്ഡഡ് സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സഹായം ലഭിക്കുന്ന സ്ഥാപനങ്ങൾ, സർക്കാറിന്റെ സഞ്ചിതനിധിയിൽനിന്ന് ശമ്പളം നൽകുന്ന ഭരണഘടനാ സ്ഥാപനങ്ങൾ, നിയമപ്രകാരമോ സർക്കാർ ഉത്തരവ് പ്രകാരമോ രൂപവത്കരിച്ച സ്ഥാപനങ്ങൾ എന്നിവയോട് നിയന്ത്രണം കർക്കശമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. ചെലവ് ചുരുക്കൽ നിർദേശങ്ങൾക്ക് വിരുദ്ധമായി കൈക്കൊണ്ട നടപടികളുടെ പേരിൽ സർക്കാറിനോ സ്ഥാപനങ്ങൾക്കോ ഉണ്ടാകുന്ന ധനനഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും.
അഡ്വാൻസ് തുക സെറ്റിൽ ചെയ്യുന്നതിൽ വരുത്തുന്ന കാലതാമസത്തിന് പലിശ സഹിതം ഈടാക്കും. നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാത്ത സാഹചര്യത്തിൽ ഇത് എല്ലാ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. ധനവകുപ്പിന്റെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കൂവെന്നും ധനവകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.