ബാലികക്ക് ശസ്ത്രക്രിയ വൈകിപ്പിച്ച സംഭവം; മൂന്ന് ഡോക്ടർമാർ കുറ്റക്കാരെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ഇതരസംസ്ഥാന ബാലികക്ക് ശസ്ത്രക്രിയ വൈകിപ്പിച്ച് ഒരുദിവസത്തിലേറെ പട്ടിണിക്കിട്ട സംഭവത്തിൽ മൂന്നു ഡോക്ടർമാർ കുറ്റക്കാരാണെന്ന് റിപ്പോർട്ട്. വാതിൽ പാളിക്കിടയിൽ കുടുങ്ങി കൈവിരലിൽ സാരമായി പരിക്കേറ്റ സംഗീതക്ക് (മൂന്ന്) ശസ്ത്രക്രിയ വൈകിപ്പിച്ച് ഒരുദിവസത്തിലേറെ പട്ടിണിക്കിട്ട സംഭവത്തിൽ മൂന്ന് ഡോക്ടർമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് തിങ്കളാഴ്ച നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവദിവസം ഓർത്തോ, അനസ്തേഷ്യ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ചയും ജാഗ്രതക്കുറവും സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിന്മേൽ ചൊവ്വാഴ്ച നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
സംഭവത്തിൽ കുട്ടിയുടെ രക്ഷാകർത്താക്കൾ മുഖ്യമന്ത്രി, ബാലാവകാശ കമീഷൻ, മനുഷ്യാവകാശ കമീഷൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് തിങ്കളാഴ്ച പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ഇതിനുപുറമെ കൗൺസിലർ കരമന അജിത്തും തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകി.
കരമന തളിയൽ സത്യൻ നഗറിൽ വാടകതാമസക്കാരായ ഒഡിഷ ദസ്പൂർ സ്വദേശികളായ മഹേന്ദ്ര-ദീപ്തിമയി സാഹു ദമ്പതികളുടെ മകളായ സംഗീതക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12.45ഓടെ വിരലിന് ഗുരുതരമായി പരിക്കേറ്റത്. വാതിലിൽ കുടുങ്ങിയ കൈവിരലിന്റെ അഗ്രത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും അവിടെനിന്ന് അടിയന്തര ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചക്ക് രണ്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ച കുട്ടിക്ക് ഡ്യൂട്ടി ഡോക്ടർ ശസ്ത്രക്രിയ ചെയ്യണമെന്ന് നിർദേശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം ശസ്ത്രക്രിയക്ക് മുന്നോടിയായി കുട്ടിക്ക് ജലപാനം ഉൾപ്പെടെ ആഹാരം നൽകാൻ പറ്റാതായി. ഓപറേഷനും നടന്നില്ല. ഒടുവിൽ ശനിയാഴ്ച വൈകീട്ട് മെഡിക്കൽ കോളജിൽ എത്തിയ കൗൺസിലർ കരമന അജിത് ഇടപെട്ടതോടെയാണ് രാത്രി 9.30ഓടെ ശസ്ത്രക്രിയ നടത്താൻ അധികൃതർ തയാറായത്.
മെഡിക്കൽ കോളജിൽ 33 മണിക്കൂറോളം സർജറി വൈകിപ്പിക്കുകയും ഈ സമയമത്രയും കുട്ടിക്ക് ജലപാനംപോലും തടയുകയും ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിലാണ് മെഡി. കോളജ് സൂപ്രണ്ട് ഡോ. എ. നിസാമുദ്ദീൻ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്. ശസ്ത്രക്രിയക്കുശേഷം തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കുട്ടിയെ നാലുദിവസംകൂടി നിരീക്ഷണത്തിൽ പാർപ്പിക്കാൻ മെഡി.കോളജ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം കുട്ടിയെ വാർഡ് 23ൽ പ്രവേശിപ്പിച്ചു. എന്നാൽ, സംഭവദിവസം അപകടത്തിൽപെട്ട് കാൽ മുറിഞ്ഞുമാറിയ നിലയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര സങ്കീർണ ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാലാണ് ബാലികയുടെ ശസ്ത്രക്രിയ നീണ്ടുപോയതെന്നാണ് ഡ്യൂട്ടി ഡോക്ടർമാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.