'എവിടെ ഞങ്ങടെ വീടുകൾ...എവിടെ ഞങ്ങടെ തീരങ്ങൾ'
text_fieldsതിരുവനന്തപുരം: 'എവിടെ ഞങ്ങടെ വീടുകൾ...എവിടെ ഞങ്ങടെ തീരങ്ങൾ, ആയുസ്സ് മൊത്തം കൊണ്ട് ഞങ്ങൾ അധ്വാനിച്ചതെല്ലാം കടലെടുക്കുകയാണ്, ഇതെല്ലാം ആരോടാണ് പറയേണ്ടത്...' തീപടരുന്ന മുദ്രാവാക്യങ്ങളും ആശങ്ക പടരുന്ന വാക്കുകളുമായാണ് മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്തത്. വാഹനങ്ങളിലെ വള്ളങ്ങൾക്ക് മുകളിൽ വൈദികർ നിലയുറപ്പിച്ചും പ്രതീകാത്മകമായി തുഴഞ്ഞുമായിരുന്നു പ്രതിഷേധം. ബാന്‍റ്മേളത്തിനൊപ്പം അവർ ചുവടുവെച്ചു. വാഹനങ്ങൾ ചീറിപ്പായുന്ന നഗരപാതയിൽ അമ്പതോളം മത്സ്യബന്ധന യാനങ്ങൾ നിറഞ്ഞത് വേറിട്ട പ്രതിഷേധക്കാഴ്ചയായി. ചുട്ടുപൊള്ളുന്ന വെയിലിലായിരുന്നു നഗരപാതകളെ സ്തംഭിപ്പിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. വള്ളങ്ങളുമായി നഗരത്തിലേക്ക് വരുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്ന് മ്യൂസിയം ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കാൻ ഒന്നരമണിക്കൂർ വൈകി. ഉച്ചക്ക് ഒന്നോടെയാണ് സെക്രേട്ടറിയറ്റിന് മുന്നിൽ മാർച്ച് എത്തിയതെങ്കിലും പ്രക്ഷോഭം അവസാനിച്ചത് മൂന്നോടെയാണ്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ മാർച്ചിലും ധർണയിലും അണിനിരന്നു. അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖം നിർമാണം തീരജീവിതങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്നാരോപിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ജൂലൈ 20 മുതൽ മത്സ്യത്തൊഴിലാളികൾ സമരത്തിലായിരുന്നു. സെക്രേട്ടറിയറ്റിന് മുന്നിലെ അനിശ്ചിതസമരം തുടർന്നിട്ടും സർക്കാർ ചർച്ചക്ക് തയാറായിരുന്നില്ല.
വിഴിഞ്ഞം തുറമുഖത്തിന്‍റെ അശാസ്ത്രീയ നിർമാണം കാരണമുള്ള തീരശോഷണത്തിന് പരിഹാരം കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. അതുകൊണ്ട് തന്നെ വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തിവെച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം. വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, മണ്ണെണ്ണ വിലവർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാറിൽ സമർദം ചെലുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.