വിഴിഞ്ഞം സമരം ഒത്തുതീർന്നിട്ടും പ്രതിസന്ധിക്ക് പരിഹാരമില്ല; മത്സ്യമേഖലയുടെ നടുവൊടിച്ച് മണ്ണെണ്ണ വില
text_fieldsതിരുവനന്തപുരം: മണ്ണെണ്ണ വിലവർധന മത്സ്യബന്ധന മേഖലയുടെ നടുവൊടിക്കുമ്പോഴും പരിഹാരമുണ്ടാക്കാതെ സർക്കാർ. വിഴിഞ്ഞം സമരത്തിൽ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് മണ്ണെണ്ണ വിലവർധന മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നായിരുന്നു.
നിലവിലെ പ്രശ്നത്തെ കൃത്യമായി അഭിമുഖീകരിച്ച് പരിഹരിക്കുന്നതിന് പകരം എങ്ങും തൊടാതെയുള്ള പരിഹാര നിർദേശമാണ് സർക്കാർ ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഉൾപ്പെടുത്തിയത്.
മണ്ണെണ്ണയുടെ അനിയന്ത്രിത വിലവർധന പിൻവലിക്കാൻ ഇടപെടണമെന്നും തമിഴ്നാട് മാതൃകയിൽ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലഭ്യമാക്കണമെന്നുമായിരുന്നു സമരക്കാർ ഉന്നയിച്ച അഞ്ചാമത്തെ ആവശ്യം. നിലവിലെ മണ്ണെണ്ണ എൻജിനുകൾ ഡീസൽ, പെട്രോൾ, ഗ്യാസ് എൻജിനുകളിലേക്ക് മാറ്റുമെന്നാണ് സർക്കാർ പറയുന്നത്. ഇത് എങ്ങനെയെന്ന് വിശദീകരിക്കുന്നില്ല. തുറമുഖ നിർമാണം നിർത്തി പഠനമെന്നതിൽ ചർച്ചകളും ഒത്തുതീർപ്പ് ധാരണകളും കേന്ദ്രീകരിച്ചതോടെ മണ്ണെണ്ണ പ്രതിസന്ധി അപ്രസക്തമായി.
മത്സ്യലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലായിരുന്ന മത്സ്യബന്ധന മേഖലയും മത്സ്യത്തൊഴിലാളികളും മണ്ണെണ്ണ വില വർധനവിന്റ ഭാരത്തിൽ വലിയ ദുരിതത്തിലാണ്. 2011മായി താരതമ്യം ചെയ്യുമ്പോൾ 2022ൽ 100 ശതമാനമാണ് എണ്ണ വില വർധിച്ചത്. ഇത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയെന്ന് സർക്കാർ നിയമസഭയിൽ സമ്മതിച്ചിട്ടുണ്ട്.
മണ്ണെണ്ണ സബ്സിഡി നിരക്കിൽ നൽകുന്നുണ്ടെങ്കിലും അത് ആവശ്യത്തിന് തികയുന്നില്ലെന്ന പരാതി വ്യാപകമാണ്. കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് ആവശ്യമായ അളവിൽ സബ്സിഡി മണ്ണെണ്ണയും സബ്സിഡി രഹിത മണ്ണെണ്ണയും അനുവദിക്കാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് സർക്കാർ വിശദീകരിക്കുന്നു. മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണയുടെ കാൽഭാഗം പോലും സബ്സിഡി രഹിത മണ്ണെണ്ണ (നോൺ പി.എസ്.ഡി) ആയി അനുവദിക്കുന്നില്ല.
വിലവർധന സാധാരണ മത്സ്യത്തൊഴിലാളികൾക്ക് താങ്ങാൻ കഴിയാത്തതിനാൽ മണ്ണെണ്ണ ഔട്ട്ബോർഡ് മോട്ടോറുകൾ (ഒ.ബി.എം) മാറ്റി എൽ.പി.ജി ഒ.ബി.എമ്മുകൾ ഏർപ്പെടുത്താൻ ആലോചന തുടങ്ങിയെങ്കിലും പ്രാവർത്തികമായില്ല.
എന്നാൽ 50 ശതമാനം സബ്സിഡിയിൽ പത്ത് മണ്ണെണ്ണ ഒ.ബി.എമ്മുകൾക്ക് എൽ.പി.ജിയിലേക്കും 40 ശതമാനം സബ്സിഡിയിൽ 115 മണ്ണെണ്ണ ബോട്ടുകൾ പെട്രോൾ ഒ.ബി.എമ്മുകളിലേക്കും 90 ശതമാനം സബ്സിഡിയിൽ 325 മണ്ണെണ്ണ ഒ.ബി.എമ്മുകൾ പെട്രോൾ കാർബറേറ്ററുകൾ ഉപയോഗിച്ചുള്ള മോട്ടോറുകളായും മറ്റുന്ന കാര്യം പരിശോധനയിലുണ്ടെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. ഇത് എന്ന് പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.