കുടിവെള്ളമുടക്കത്തിന് ശമനമില്ല; പൊറുതിമുട്ടി നഗരവാസികൾ
text_fieldsതിരുവനന്തപുരം: നഗരത്തിൽ പലകാരണങ്ങളാൽ കുടിവെള്ളം മുടങ്ങുന്നത് ആവർത്തിക്കുകയും പകരം ക്രമീകരണം അധികൃതർ ഒരുക്കാതിരിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധം ശക്തം. മുമ്പ് അറ്റകുറ്റപ്പണികളുടെ പേരിൽ കുറച്ച് പ്രദേശങ്ങളിൽ മാത്രം വെള്ളം മുടങ്ങിയിരുന്ന സ്ഥിതി മാറി നിരവധി വാർഡുകളിൽ ഒരുമിച്ച് ടാപ്പുകൾ നോക്കുകുത്തികളാകുകയാണ്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള പൈപ്പുകളും അനുബന്ധ സംവിധാനങ്ങളുമാണ് ജല അതോറിറ്റി ആശ്രയിക്കുന്നത്. രാജഭരണകാലത്തിന്റെ തുടർച്ചയായി വന്ന ജലവിതരണസംവിധാനത്തിൽ കാലാനുസൃതമായ മാറ്റത്തിന് മുതിരാതിരുന്നതാണ് ഇപ്പോഴത്തെ തുടർച്ചയായ മുടക്കത്തിന് കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൈപ്പുകൾ യഥാസമയം മാറ്റിസ്ഥാപിക്കാനും ബദൽ ലൈനുകൾ സജ്ജമാക്കാനും മിക്കയിടങ്ങളിലും കഴിയാറില്ല. പൈപ്പിലെ ചോർച്ച തുടക്കത്തിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്.
അതേസമയം, പേരൂർക്കട ജലസംഭരണിയിൽനിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനിൽ പേരൂർക്കട ജങ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള ജോലികൾ ഞായറാഴ്ച രാവിലെ ഏഴരയോടെ പൂർത്തീകരിച്ച് പമ്പിങ് പുനരാരംഭിച്ചു. ഇതോടെ പേരൂർക്കട, ഇന്ദിരനഗർ, ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, വയലിക്കട, അമ്പലംമുക്ക് പ്രദേശങ്ങളിൽ വെള്ളമെത്തിയതായി അധികൃതർ അറിയിച്ചു. ചോർച്ച കണ്ടെത്തിയത് 280 എം.എം ബെൻഡ് പൈപ്പിലായതിനാൽ ഉദ്ദേശിച്ച സമയത്തിനുവളരെ മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനായി. 32 മണിക്കൂർ ജലവിതരണം മുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും 10 മണിക്കൂറിനുള്ളിൽ ജലവിതരണം പുനഃസ്ഥാപിച്ചതായും ജല അതോറിറ്റി വ്യക്തമാക്കി.
അറ്റകുറ്റപ്പണി തുടരും, ജലമുടക്കവും
വരുംദിവസങ്ങളിലും വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികൾക്ക് ജല അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള പൈപ്പ് ലൈനുകൾ സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ആൽത്തറ-വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്നതിനാൽ 23ന് രാവിലെ എട്ടുമുതൽ 24ന് രാവിലെ എട്ടുവരെ പാളയം, സ്റ്റാച്യു, എം.ജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എ.കെ.ജി സെന്റർ, പി.എം.ജി, ലോ കോളജ്, കുന്നുകുഴി, വെള്ളയമ്പലം, ആൽത്തറ, സി.എസ്.എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടൺഹിൽ, ഡി.പി.ഐ ജങ്ഷൻ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല എന്നിടങ്ങളിൽ പൂർണമായും ജനറൽ ആശുപത്രി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറക്കുളം, കുമാരപുരം, അണമുഖം, കണ്ണമ്മൂല എന്നിവിടങ്ങളിൽ ഭാഗികമായും ജലവിതരണം മുടങ്ങും.
വെള്ളായണി ജലശുദ്ധീകരണശാലയിൽ ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ആറുമുതൽ ബുധനാഴ്ച രാവിലെ ആറുവരെ നഗരസഭയിലെ വിഴിഞ്ഞം, ഹാർബർ, കോവളം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ, കോട്ടപ്പുറം, തിരുവല്ലം വാർഡുകളിലും കല്ലിയൂർ, വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലുമാണ് വെള്ളം മുടങ്ങുക. കുര്യാത്തി സെക്ഷൻ പരിധിയിലെ 700 എം.എം പൈപ്പ് ലൈനുകളിൽ ഇന്റർകണക്ഷൻ ജോലി നടത്തുന്നതിനാൽ 24ന് രാത്രി എട്ടുമുതൽ 25ന് രാവിലെ എട്ടുവരെ കുര്യാത്തി, ശ്രീകണ്ഠേശ്വരം, ചാല, വലിയശാല, മണക്കാട്, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, ഫോർട്ട്, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ, വലിയതുറ, തമ്പാനൂർ, ശംഖുംമുഖം, കളിപ്പാൻകുളം, ആറ്റുകാൽ എന്നിവിടങ്ങളിലും ജലവിതരണം തടസ്സപ്പെടും.
90 പിന്നിടുമ്പോഴും ബാലാരിഷ്ടത തന്നെ...
തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളവിതരണ സംവിധാനം നിലവിൽ വന്ന് 90 വർഷം പിന്നിട്ടിട്ടും പരാതിരഹിത ജലവിതരണ ശൃംഖലയൊരുക്കാനായിട്ടില്ല. സ്വാതന്ത്ര്യത്തിനുമുമ്പ് അന്നത്തെ അത്യാധുനിക രീതികൾ ജലവിതരണമേഖലയിൽ നടപ്പാക്കിയെങ്കിലും നഗരത്തിന്റെ വർധിച്ചുവരുന്ന ജല ഉപയോഗം ആവശ്യം മനസ്സിലാക്കി തടസ്സരഹിത ക്രമീകരണമൊരുക്കാൻ കഴിഞ്ഞില്ലെന്ന വിർമശനമാണ് ഉയരുന്നത്.
വിശദമായ പഠനങ്ങൾക്കൊടുവിൽ 1928ലാണ് പദ്ധതിയുടെ നഗരജലവിതരണ രൂപരേഖ തയാറായത്. 1933 ഡിസംബർ 13ന് അന്നത്തെ വൈസ്രോയി വില്ലിങ്ടൺ വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ടാപ്പ് തുറന്ന് ഉദ്ഘാടനം നിർവഹിച്ചു. 15 കിലോമീറ്റർ അകലെ അരുവിക്കരയിൽ തടയണകെട്ടി പ്രാഥമിക ശുദ്ധീകരണം നടത്തി 33 ഇഞ്ച് കാസ്റ്റ് അയൺ പൈപ്പിലൂടെ ജലം വെള്ളയമ്പലത്തെ ഫിൽറ്റർ ഹൗസിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരുക്കൻമണലിലൂടെയും കല്ലുകളിലൂടെയും കടത്തിവിട്ട് അണുനശീകരണം നടത്തിയായിരുന്നു വിതരണം.
1961ൽ നഗര ജനസംഖ്യ 1,35,000 പേരാകുമെന്ന് കണക്കുകൂട്ടിയാണ് പ്രതിദിനം 20 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ ആരംഭിച്ചത്. നിലവിൽ വിവിധ പദ്ധതികളിലൂടെ നഗരത്തിൽ 375 ദശലക്ഷം ലിറ്ററിലധികം വെള്ളം വിതരണം ചെയ്യുന്നുണ്ട്. 1931ൽ സ്ഥാപിച്ച വാട്ടർ വർക്സ് പിന്നീട് പി.ഡബ്ല്യു.ഡിയുടെ നിയന്ത്രണത്തിലായി. 1956ൽ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് വകുപ്പിന് കീഴിലായിരുന്നു ജലവിതരണം. 1984 ലാണ് കേരള വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ അതോറിറ്റി എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡ് ജലവിതരണചുമതല ഏറ്റെടുക്കുന്നത്. പിന്നീടിത് വാട്ടർ വർക്സും വാട്ടർ അതോറിറ്റിയുമായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.