ആര്യനാടിന്റെ നെഞ്ചുപിളർന്ന് അവർ മടങ്ങി
text_fieldsആര്യനാട്: കരമനയാറിന്റെ ആഴങ്ങളിൽ കുടുങ്ങിയ നാലു ജീവനുകൾ കരയിച്ചത് ഒരു കുടുംബത്തെ മാത്രമായിരുന്നില്ല, നാടിനെയൊന്നാകെയായിരുന്നു. നൂറുകണക്കിന് കുടുംബങ്ങളിലെ ചെറുപ്പക്കാർക്ക് വഴികാട്ടിയായവൻ, സർക്കാർ ജോലിയിലേക്ക് ആയിരങ്ങൾക്ക് മാർഗദീപം തെളിയിച്ചവൻ, ആ പ്രിയപ്പെട്ടവനെയും മൂന്ന് മക്കളെയും വെള്ളതുണിയിൽ പുതപ്പിച്ച് വീടിന് മുന്നിൽ നിരത്തികിടത്തിയപ്പോൾ ബന്ധുക്കളുടെ മാത്രമല്ല കണ്ടുനിന്നവരുടെ ഹൃദയവും പൊടിഞ്ഞു. ആദരാഞ്ജലി അർപ്പിക്കാൻ കണ്ണീരുമാത്രമായിരുന്നു ആ നാടിന് ബാക്കിയുണ്ടായിരുന്നത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ആര്യനാട് മൂന്നാറ്റുമുക്കിൽ പൊലീസുകാരനും ഐ.ജി ഹർഷിത അട്ടലൂരിയുടെ ഡ്രൈവറുമായ അനിൽകുമാർ (51), മകൻ അമൽ (13), സഹോദരന്റെ മകൻ അദ്വൈത്(21), സഹോദരി പുത്രൻ ആനന്ദ് (25) എന്നിവർ കരമനയാറ്റിൽ മുങ്ങി മരിച്ചത്.
കൃഷിയിടത്തിൽ വളമിട്ടതിന് ശേഷം കുളിക്കാനായി ഇറങ്ങിയപ്പോൾ അമൽ ചുഴിയിൽ അകപ്പെടുകയായിരുന്നു. അമലിനെ രക്ഷിക്കാനായി ചാടിയ അനിൽകുമാറും ചുഴിയിൽ മുങ്ങിത്താണു. ഇതോടെയാണ് ഇരുവരെയും രക്ഷിക്കാനായി സഹോദരങ്ങളുടെ മക്കളായ അദ്വൈതും ആനന്ദും കുതിയൊഴുകിയ ആറിലേക്ക് ചാടിയത്.
നാലുപേരും മുങ്ങിത്താണതോടെ സ്ഥലത്തുണ്ടായിരുന്നു അനിൽകുമാറിന്റെ മറ്റൊരു മകൻ അഖിൽ, അനിൽകുമാറിന്റെ സഹോദരൻ സുനിൽകുമാറിന്റെ മറ്റൊരു മകൻ അനന്തരാമൻ എന്നിവരുടെ നിലവിളി കേട്ട് തൊട്ടടുത്ത കോഴി ഫോമിലെ ജീവനക്കാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എന്നാൽ ഇവർക്കും രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സെത്തിയാണ് കരമനയാറിന്റെ ആഴങ്ങളിൽ നിന്ന് നാലുപേരുടെയും ചേതനയറ്റ ശരീരം മുങ്ങിയെടുത്തത്.
അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി, സർക്കാർ ബഹുമതികളോടെ
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ 11മണിയോടെ മെഡിക്കൽ കോളജിലെ മോർച്ചറിയിൽ നിന്ന് അനിൽകുമാറിന്റെ മൃതദേഹം മാത്രം നന്ദാവനം എ.ആർ.ക്യാമ്പിൽ പൊതുദർശത്തിന് വച്ചു. തുടർന്ന് 12 ഓടെ നാലുപേരുടെയും മൃതദേഹം വിലാപയാത്രയോടെ ജന്മനാടായ കുളത്തൂർ മുക്കോലക്കൽ തോപ്പിൽ ധർമ്മരാജൻ സ്മാരക ഇൻഡോർ കോർട്ടിൽ പൊതുദർശനത്തിന് വച്ചു. പൊലീസിന്റെ നിയന്ത്രണങ്ങൾക്കും അപ്പുറമായിരുന്നു തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ നാട് ഒഴുകിയെത്തിയത്. പ്രിയകൂട്ടുകാരുടെ വിറങ്ങലിച്ച ശരീരത്തോട് കെട്ടിപ്പിടിച്ച് കരഞ്ഞ കൂട്ടുകാർ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.
ഇതിന് ശേഷമാണ് ഒരു മണിയോടെ അനിൽകുമാറിന്റെ ആര്യനാടുള്ള വസതിയിലേക്ക് കൊണ്ടുപോയത്. ഇവിടെയും നൂറുകണക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്. ഒരുകുടുംബത്തിന്റെ നാലുപേരെയും ഒരു നിമിഷത്തിൽ നഷ്ടമായ ദുഖം നാടിനെ ഒന്നാകെ വിഴുങ്ങി. നാലുമണിയോടെ കോട്ടയ്ക്കകം പൊട്ടച്ചിറ ശ്രീ നിവാസിലെ വീടിന് മുന്നിലെ പറമ്പിൽ അനിൽകുമാറിന്റെ അമ്മ രാധ അന്തിയുറങ്ങുന്ന മണ്ണിന് സമീപത്തായി അവർ നാലുപേരെയും സർക്കാർ ബഹുമതികളോടെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ജി.സ്റ്റീഫൻ എം.എൽ.എ, ജില്ലാ കലക്ടർ അനുകുമാരി, നിയമസഭാ സെക്രട്ടറി ഡോ.കൃഷ്ണകുമാർ, ഐ.ജി.ഹർഷിത അട്ടല്ലൂരി, ഭർത്താവും പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയുമായ നാഗരാജു, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ, സി.പി.എം നേതാവ് ആനാവൂർ നാഗപ്പൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് കെ.ശബരിനാഥൻ തുടങ്ങി ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.