മൂന്നാംമൂട് കടവിൽ മുങ്ങി മരണങ്ങൾ തുടർക്കഥ; അധികൃതർക്ക് മൗനം
text_fieldsവട്ടിയൂർക്കാവ്: പേരൂർക്കട വട്ടിയൂർക്കാവിന് സമീപമുള്ള മൂന്നാംമൂട്ടിലെ മേലെക്കടവ് മരണക്കയമായി മാറുമ്പോഴും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പതിനഞ്ചോളം മുങ്ങി മരണങ്ങൾ ഇവിടെ നടന്നതായാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വാഴോട്ടുകോണം സ്വദേശികളായ നിരഞ്ജൻ, ജിബിത്ത് എന്നീ യുവാക്കൾ മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഇതിനെതിരെ നാട്ടുകാർ രംഗത്തിറങ്ങി സമരങ്ങൾ നടത്തിയെങ്കിലും കടവിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ കുളിക്കുന്നത് നിരോധിക്കാനോ സർക്കാർ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. അതിന്റെ ഫലമായി സായാഹ്നങ്ങളിൽ വിദൂരങ്ങളിൽ നിന്ന് കുളിക്കാനെത്തുന്ന യുവാക്കളാണ് ഇവിടെ അപകടങ്ങളിൽപെടുന്നവരിൽ ഏറെയും. ഇവിടെ മുങ്ങി മരിച്ചവരിൽ ഏറെ േപരുടെയും മൃതദേഹങ്ങൾ പോലും ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതെല്ലാം കടലിൽ പോയി അജ്ഞാത ജഡങ്ങളുടെ പട്ടികയിൽപെടുകയാണ് പതിവെന്നും പറയുന്നു.
പലപ്പോഴും നിറഞ്ഞൊഴുകുന്ന കരമനയാറിന്റെ പല കുളിക്കടവുകളും ആഴമേറിയ ഗർത്തങ്ങളാണ്. ഇവിടെ കുളിക്കുന്നതും നനക്കുന്നതൊന്നും ഇതുവരെ നിരോധിച്ചിട്ടില്ല. പലപ്പോഴും ഈ കടവിനെ കുറിച്ച് നല്ല ധാരണയുള്ള നാട്ടുകാർ മാത്രമാണ് അപകടങ്ങളിൽ നിന്ന് രക്ഷനേടുന്നത്.
കടവിൽ മരിച്ച ഏഴുപേരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ‘അപകട സാധ്യത കൂടിയ മേഖലയെന്നും അകാലത്തിൽ പൊഴിഞ്ഞു പോയ ജീവനുകൾ’ എന്നെഴുതിയ ബോർഡ് സംയുക്ത ചുമട്ടുതൊഴിലാളി യൂനിയൻ മൂന്നാംമൂട്-വെള്ളൈക്കടവ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുങ്ങിമരണങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി എം.എൽ.എയുടെ നേതൃത്വത്തിൽ അടുത്തിടെ പ്രത്യേകയോഗം ചേർന്നു. സുരക്ഷാ ജീവനക്കാരനെ നിയമിക്കുക, പൊലീസ് റോന്തുചുറ്റൽ ശക്തമാക്കുക, അപകടമേഖലക്ക് സമീപം സുരക്ഷാവേലി സ്ഥാപിക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ പരിഗണനയിലുണ്ടായിരുെന്നങ്കിലും ഇവയൊന്നും നടപ്പാക്കാനായില്ല.
പൊതുഅവധിദിനങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമാണ് ഏറെപ്പേരും ഈ കടവിലെത്താറുള്ളത്. തുടർച്ചയായി മുങ്ങിമരണങ്ങൾ ഉണ്ടാകുന്ന കടവിലും സമീപത്തും കുളിക്കാനിറങ്ങുന്നത് സമീപവാസികൾ വിലക്കാറുണ്ടെങ്കിലും വരുന്നവർ അതൊന്നും പലപ്പോഴും ചെവിക്കൊള്ളാറില്ല. പ്രതിഷേധങ്ങൾ ഏറെ ശക്തമായിട്ടും അധികാരികളുടെ അലംഭാവം നാട്ടുകാരിൽ കടുത്ത പ്രതിഷേധങ്ങൾ വളർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.