കായൽ നികത്തലും കൈയേറ്റവും വ്യാപകം
text_fieldsആറ്റിങ്ങൽ: വക്കത്ത് കായൽ നികത്തലും കൈയേറ്റവും വ്യാപകം. കഠിനംകുളം കായലിന്റെ ഭാഗമായ അകത്തുമുറി കായലിലാണ് കൈയേറ്റം. കായല്‍ പ്രദേശത്തെ നീർച്ചാലുകളും നികത്തുന്നുണ്ട്. മുൻകാലങ്ങളിൽ ഘട്ടംഘട്ടമായി മണ്ണിട്ട് നികത്തിയും തുടര്‍ന്ന് പാറ കൊണ്ട് മതില് കെട്ടി തിരിച്ചും സ്വകാര്യ വ്യക്തികള്‍ കായല്‍ കൈയേറി കര ഭൂമിയാക്കുന്നതായിരുന്നു രീതി. എന്നാൽ നിലവിൽ ഓരോ വ്യക്തികളും കായൽ അളന്ന് തിരിച്ച് മണ്ണിട്ട് നികത്തി എടുക്കുന്നു. ആരും ചോദ്യം ചെയ്യാനില്ലാത്ത അവസ്ഥ.
ഒരു മാസമായി വക്കം പണയിൽകടവിൽ പല ഭാഗത്തായി കായൽ നികത്തൽ ദ്രുതഗതിയിൽ നടക്കുന്നു. തദ്ദേശവാസികൾ പലരും പഞ്ചായത്തിലും റവന്യൂ ഓഫിസുകളിലും വിളിച്ചു പറഞ്ഞെങ്കിലും ആരും അന്വേഷിച്ചുവരികയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ വലിയതോതിൽ കൈയേറ്റം നടക്കുന്നു. ഉദ്യോഗസ്ഥരുടെ മൗനാനുമതിയോടെ ആസൂത്രിതമായാണ് നികത്തൽ. അതിനാലാണ് ഇത്രയും വലിയ രീതിയിൽ കായൽ കൈയേറാൻ കൈയേറ്റക്കാർക്ക് അവസരം ഒരുങ്ങുന്നത്.
വക്കം മേഖലയിൽ ഏക്കര്‍ കണക്കിന് ഭൂമി അനധികൃതമായി രൂപപ്പെട്ടിട്ടുണ്ട്. കൈയേറ്റക്കാരിൽ വൻകിട മുതലാളിമാർ മുതൽ പ്രാദേശിക റിയല്‍ എസ്റ്റേറ്റുകാര്‍ വരെയുണ്ട്. നികത്തപ്പെട്ടാല്‍ ഭാവിയില്‍ ഇവ ക്രമവത്കരിച്ച് കിട്ടുമെന്ന പ്രതീക്ഷയാണ് കൈയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ കൊണ്ടുവരുന്ന ഓരോ നിയമവും ഇത്തരക്കാര്‍ക്കുള്ള ഇളവുകളോട് കൂടിയവയായിരിക്കും. ഈ ഇളവിന്റെ മറവില്‍ ഇവ യഥാർഥ കരഭൂമിയായി മാറും.
കായല്‍ കൈയേറിയ സംഭവങ്ങളില്‍ സ്റ്റോപ് മെേമ്മാ കൊടുക്കുന്നതിനപ്പുറം ഒന്നും ഉദ്യോഗസ്ഥര്‍ ചെയ്യാറില്ല. ഇവ തിരികെ കായല്‍ ഭൂമിയാക്കി മാറ്റാന്‍ അനധികൃത നിര്‍മാണവും നിക്ഷേപിച്ച മണ്ണും നീക്കം ചെയ്യണം. അത് ചെയ്യാത്തതിനാല്‍ പില്ക്കാലത്ത് ഇവ നിയമപരമായ ഭൂമിയായി മാറും. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച കൈയേറ്റ വിരുദ്ധ നടപടികള്‍ക്കിടയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ 45 ഏക്കറോളം കൈയേറ്റം കണ്ടെത്തിയിരുന്നു. ഇതില്‍ 44 ഏക്കറും കായല്‍ കൈയേറ്റമാണ്. വിശാലമായ കഠിനംകുളം-അഞ്ചുതെങ്ങ് കായലുകളുടെ തീരങ്ങളില്‍ വിശാലമായ ചതുപ്പ് പ്രദേശങ്ങളുണ്ടായിരുന്നു. കായല്‍ കൈവഴികളും നിരവധിയുണ്ടായിരുന്നു. അവയെല്ലാം ഘട്ടംഘട്ടമായി നികത്തപ്പെട്ടു. ഇപ്പോൾ ബാക്കിയുള്ള കായലിന്റെ ഉള്ളിലേക്ക് കടന്നും നികത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.