വ്യാപക എക്സൈസ് റെയ്ഡ്; മയക്കുമരുന്നടക്കം പിടികൂടി
text_fieldsതിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ എം.ഡി.എം.എ ഉൾപ്പെടെ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി. എയർ പിസ്റ്റളും പെല്ലറ്റുകളും ഉള്പ്പെടെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഓൾസെയിൻറ്സ്, ബാലനഗർ, ശംഖുമുഖം ഭാഗത്ത് നടത്തിയ പരിശോധനയിൽ കാറിൽ കടത്തിയ 25 ഗ്രാം എം.ഡി.എം.എ പിടികൂടി.
പുത്തൻതോപ്പ് സ്വദേശി നോഹൻ നോബർട്ട് (18), അജിത്ത് (22) എന്നിവരെ കസ്റ്റഡിയിലെടുത്തു. നേരത്തേയും നാർകോട്ടിക് കേസുകളിൽ പിടിയിലായിട്ടുള്ള ഇവരുടെ പക്കൽനിന്നാണ് എയർ പിസ്റ്റളും പെല്ലറ്റുകളും കണ്ടെടുത്തത്. ശംഖുമുഖം, തിരുവനന്തപുരം സിറ്റി ഓൾസെയിന്റ്സ്, വേളി, വലിയതുറ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനപ്പെട്ട കണ്ണികളാണ് പിടിയിലായത്. ഇവർക്ക് ലഹരി ഉൽപന്നങ്ങൾ എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.
കാട്ടാക്കട എക്സൈസ് തൂങ്ങാംപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി തൂങ്ങാംപാറ സ്വദേശി അപ്പൂസ് എന്ന ഉൻമേഷ് രാജിനെയും 20 ഗ്രാം കഞ്ചാവുമായി ബൈക്ക് യാത്രികൻ കള്ളിക്കാട് മൈലക്കര സ്വദേശി ശ്രീരാജിനേയും അറസ്റ്റ് ചെയ്തു. വീടിനോട് ചേർന്നുളള കടമുറിയിൽ വിൽപനക്കായി 285 കിലോയോളം പാന്മസാല സൂക്ഷിച്ചതിന് കിഴുവിലം പറയത്ത്കോണം സമീറ മൻസിലിൽ മുസീറിനെ (34) കുമിളി എക്സൈസ് അറസ്റ്റ് ചെയ്തു.
15 കിലോ തൂക്കമുളള 19 ചാക്കുകളിലാണ് ചില്ലറവില്പനക്കായി നിരോധിത പുകയില ഉൽപന്നങ്ങള് സൂക്ഷിച്ചിരുന്നത്. ഇതിനുപുറമേ, ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാല് അബ്കാരി കേസുകളിലായി നാലുപ്രതികളെ അറസ്റ്റുചെയ്യുകയും 32 ലിറ്ററോളം ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.