നെടുമങ്ങാട് നഗര ശുദ്ധജല പദ്ധതി വിപുലീകരണത്തിന് ഇന്ന് തുടക്കം
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് നഗര ശുദ്ധജല പദ്ധതി വിപുലീകരണവും പുനരുദ്ധാരണവും ഇന്നാരംഭിക്കും. 9.5 കോടി രൂപ മുടക്കിയാണ് നവീകരണം.
വൈകുന്നേരം അഞ്ചിന് പൂവത്തൂർ ജങ്ഷനിൽ നടക്കുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നഗരത്തിലെ ശുദ്ധജല വിതരണത്തിനായി 1993ൽ സ്ഥാപിച്ച പദ്ധതി കാലപ്പഴക്കം കാരണം പൂർണമായ തോതിൽ ഉൽപാദനം നടക്കുന്നില്ല. കൂടാതെ നഗരത്തിലെ ജനസംഖ്യയും ഉപഭോഗവും വർധിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് പദ്ധതി വിപുലീകരണം ആവശ്യമായി വന്നത്. നാലു ഭാഗങ്ങളായാണ് പദ്ധതി വിപുലീകരിക്കുക.
കളത്തറ, ശീമവിള, ഉഴപ്പാക്കോണം എന്നിവിടങ്ങളിലെ പഴയതും ശേഷി കുറഞ്ഞതുമായ പമ്പുകൾ മാറ്റി സ്ഥാപിക്കും. വൈദ്യുതീകരണ സംവിധാനങ്ങളും നവീകരിക്കും. ഇതിനായി 95 ലക്ഷം രൂപ ചെലവിടും.
രണ്ടാം ഭാഗമായി 2.37 കോടി രൂപ ചെലവഴിച്ച് പേരുമല ശുദ്ധീകരണശാലയുടെ വിപുലീകരണവും പുനരുദ്ധാരണവും നടത്തുന്നതോടൊപ്പം മറ്റ് മൂന്ന് പമ്പ് ഹൗസുകളുടെ നവീകരണവും നടത്തും.
മൂന്നാമതായി നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലെയും പഴകിയതും വ്യാസം കുറഞ്ഞതുമായ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കും. ഇതിനായി 4.57 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. നഗരസഭയിലെ ഉയരം കൂടിയ ചുടുകാട്ടിൻമുകൾ, കുറിഞ്ഞി മുകൾ എന്നിവിടങ്ങളിൽ വെള്ളമെത്തിക്കാൻ പ്രത്യേകം പമ്പുകൾ സ്ഥാപിച്ച് ലൈൻ സ്ഥാപിച്ച ശീമമുള പമ്പ് ഹൗസിൽനിന്ന് വെള്ളം പമ്പ് ചെയ്ത് പ്രത്യേകം ടാങ്കുകൾ നിർമിച്ച് കുടിവെള്ളം നൽകും. ഇതിനായി 1.12 കോടി രൂപ ചെലവിടും. ഈ പദ്ധതിയുടെ പൂർത്തീകരണത്തോടൊപ്പം അമൃത് 2.0 പദ്ധതി പ്രകാരം നഗരസഭക്കായി സർക്കാർ അനുവദിച്ചിട്ടുള്ള 10.28 കോടിയുടെ പണികൾകൂടി കഴിയുമ്പോൾ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷതവഹിക്കും.
അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ, വസന്തകുമാരി വാട്ടർ അതോറിറ്റി അസി. എസിക്സിക്യൂട്ടിവ് എൻജിനീയർ കൃഷ്ണചന്ദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.