നിലാവ് പദ്ധതി നടത്തിപ്പിൽ വീഴ്ച, കെ.എസ്.ഇ.ബി ഓഫിസിൽ കോൺഗ്രസ് സമരം
text_fieldsആറ്റിങ്ങൽ: വക്കം ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ നിലാവ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് ഉന്നയിച്ച് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് ജനപ്രതിനിധികളാണ് പ്രതിഷേധസമരം നടത്തിയത്. 13ാം വാർഡിൽ 75 തെരുവ് വിളക്കുകളാണ് അനുവദിച്ചത്. ഇതിൽ ഒന്നാം ഘട്ടത്തിൽ 40 വിളക്ക് മാത്രമാണ് സ്ഥാപിച്ചത്. ത്രീ ഫേസ് ലൈനിന്‍റെ അഭാവംമൂലമാണ് ലൈറ്റ് സ്ഥാപിക്കാത്തതെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദീകരണം. പ്രസിഡന്‍റിനോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞതായി സമരക്കാർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അരുൺ, ലാലിജ, അംഗം അശോകൻ എന്നിവരാണ് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചത്. കടയ്ക്കാവൂർ പൊലീസ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ലൈറ്റ് സ്ഥാപിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിനെതുടർന്ന് സമരം പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.