കിഫ്ബി പ്രോജക്ടിലെ വീഴ്ച; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല
text_fieldsആറ്റിങ്ങൽ: കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്കൂൾ കെട്ടിടങ്ങൾക്ക് സർക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. പ്രോജക്ട് തയാറാക്കിയതിലെ സാങ്കേതിക പിഴവാണ് കാരണം. ബഹുനില സ്കൂൾ കെട്ടിടത്തിന് അധിക കോണിപ്പടി, തീപിടിത്ത സുരക്ഷ സംവിധാനം എന്നിവ വേണം. നിർമാണ പ്രോജക്ട് തയാറാക്കിയപ്പോൾ ഇത് ഉൾപ്പെടുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ, നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഭരതന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ, അഴൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഡയറ്റ് സ്കൂൾ എന്നീ സ്കൂളുകളിലാണ് ഈ അവസ്ഥ നിലനിൽക്കുന്നത്. സംസ്ഥാനത്ത് മറ്റു പല സ്ഥലത്തും കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ച സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടുന്നതിന് ഈ പ്രശ്നങ്ങളുണ്ട്.
മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഈ വർഷം മൂന്ന് ഡിവിഷനുകളിലെ കുട്ടികളാണ് അധികമായി വന്നുചേർന്നത്. നിലവിലുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങൾ പൊളിച്ചാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിച്ചത്.
മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരി 18നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അഗ്നിസുരക്ഷാ സംവിധാനവും അധിക കോണിപ്പടിയും ഒരുക്കാത്തതിനാലാണ് ഇവിടെ ഫിറ്റ്നസ് ലഭിക്കാത്തതെന്നാണ് ആറ്റിങ്ങൽ നഗരസഭ പറയുന്നത്. പ്രത്യേക പരിഗണന നൽകി ഇത്തരം കെട്ടിടങ്ങൾക്ക് ഇളവ് നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയോ അടിയന്തരമായി ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി ഫിറ്റ്നസ് ലഭ്യമാക്കുകയോ വേണം. പുതിയ കെട്ടിട നിർമാണ ചട്ടങ്ങൾ അനുസരിച്ചാണ് ഇവ നിർബന്ധമായത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും അധ്യയനം മുടങ്ങാതിരിക്കാൻ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടണമെന്നും കെ.പി.എസ്.ടി.എ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.