ജില്ല പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും തമ്മിൽ കൈയാങ്കളി
text_fieldsനെടുമങ്ങാട്: വെള്ളനാട് ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടന വേദിയിൽ ജില്ല പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും തമ്മിൽ കൈയാങ്കളി. അടൂർ പ്രകാശ് എം.പി ലിഫ്റ്റ് ഉദ്ഘാടനത്തിനെത്തിയ വേദിയിലായിരുന്നു കൈയാങ്കളി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ഗ്രീകണ്ഠനും ജില്ല പഞ്ചായത്തംഗം വെള്ളനാട് ശശിയും തമ്മിലാണ് അടിപിടിയുണ്ടായത്. ഇരുവരും കോൺഗ്രസുകാരും സഹോദരങ്ങളുമാണ്.
വെള്ളിയാഴ്ച രാവിലെ 11ന് നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പിയുടെ ഉദ്ഘാടനത്തിന് ശേഷം ജില്ല പഞ്ചായത്തംഗം ശശി പ്രസംഗിച്ചു. ഇതിൽ കോൺഗ്രസ് പഞ്ചായത്ത് ഭരണസമിതിക്കെതിരെയും പരാമർശമുണ്ടായി.
ശശിയുടെ പ്രസംഗം കഴിഞ്ഞതോടെ എം.പി വേദിയിൽനിന്ന് മടങ്ങി. പിന്നാലെ പ്രസംഗിച്ച പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി വെള്ളനാട് ശശിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി.
ഇതിനിടെ മറുപടി പറയരുതെന്ന് ജില്ല പഞ്ചായത്തംഗം പറഞ്ഞെങ്കിലും കൂട്ടാക്കാൻ പ്രസിഡന്റ് തയാറായില്ല. ഇതിനിടെ വേദിയിൽ കയറി മൈക്കിൽ പിടിക്കാൻ ശശി ശ്രമിച്ചു. ഈ സമയമാണ് ശ്രീകണ്ഠൻ ശശിയെ അടിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും പിടിവലിയുമായി. ഇതിനിടെ പഞ്ചായത്തംഗം റോബർട്ടും തന്നെ മർദിച്ചതായി ശശി ആരോപിച്ചു.
തുടർന്ന് നേതാക്കളും പ്രവർത്തകരും ഇടപെട്ട് രംഗം ശാന്തമാക്കി. പഞ്ചായത്ത് പ്രസിഡന്റും വെള്ളനാട് ശശിയും ആര്യനാട് സ്റ്റേഷനിൽ പരാതി നൽകി. പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് പൊതുവേദികളിൽ ശശി പഞ്ചായത്ത് ഭരണസമിതിക്കെതിരെ രംഗത്ത് വരാറുണ്ട്. പഞ്ചായത്ത് നടത്തുന്ന ഉദ്ഘാടന സ്ഥലങ്ങളിലെ ശിലാഫലകങ്ങൾ ശശി നേരത്തെ തകർത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.