ചര്‍മമുഴ:പൂവച്ചലിൽ അഞ്ച് പശുക്കൾ ചത്തു
text_fieldsകാട്ടാക്കട: മലയോരമേഖലകളിൽ കന്നുകാലികളിൽ ചര്‍മമുഴ രോഗം പടരുന്നു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൂവച്ചലിൽ മാത്രം അഞ്ച് പശുക്കൾ ചത്തതായി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പറഞ്ഞു. വിവിധ വാർഡുകളിലായി 50 ലധികം പശുക്കൾ രോഗം പിടിപെട്ട് ചികിത്സയിലാണ്.
ആലമുക്ക് മൃഗാശുപത്രിയില്‍ ഡോക്ടർ ഇല്ലാത്തതിനാൽ മറ്റുസ്ഥലങ്ങളിൽ നിന്ന് വാഹനക്കൂലി നൽകിയാണ് ഡോക്ടർമാരെ കർഷകർ കൊണ്ടുവരുന്നത്. കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ, ആര്യനാട്, തൊളിക്കോട്, വിതുര തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതലായും രോഗം കണ്ടെത്തുന്നത്. എന്നാല്‍ കന്നുകാലികളില്‍ രോഗം വ്യാപകമായിട്ടും മൃഗസംരക്ഷണവകുപ്പ് കര്‍ഷകരോട് മുഖം തിരിക്കുന്നതായും ആക്ഷേപമുണ്ട്. മൃഗാശുപത്രികളില്‍ പലയിടത്തും ഡോക്ടറുടെ സേവനവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. മൃഗസംരക്ഷണവകുപ്പിലെ അറ്റൻഡര്‍മാരാണ് ചികിത്സ നടത്തുന്നത്.
കന്നുകാലികളുമായെത്തി മൃഗാശുപത്രി ഉപരോധിച്ചു
കാട്ടാക്കട: കന്നുകാലികളില്‍ ചര്‍മമുഴ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ആലമുക്ക് മൃഗാശുപത്രിയില്‍ ആഴ്ചകളായി ഡോക്ടറില്ല.
നാട്ടുകാര്‍ നിരവധിതവണ മൃഗാശുപത്രിയില്‍ ഡോക്ടറില്ലാത്തത് അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല.
കോണ്‍ഗ്രസ് ജനപ്രതിനിധികൾ കന്നുകാലികളുമായെത്തി മൂന്നുമണിക്കൂറിലധികം സർക്കാർ മൃഗാശുപത്രി ഉപരോധിച്ചു.
കാട്ടാക്കട പൊലീസ് എത്തി ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഒടുവില്‍ ജില്ല ഓഫിസറുമായി നടത്തിയ ചർച്ചയിൽ, നെടുമങ്ങാട് താലൂക്കിന്റെ ചുമതലയുള്ള അസിസ്റ്റന്റ് േപ്രാജക്ട് ഓഫിസർ എത്തി.
ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ കൂടി നിയമിക്കാമെന്നും ശനി മുതൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ വൈകീട്ട് അഞ്ചോടെ സമരം അവസാനിപ്പിച്ചു.
കട്ടയ്ക്കോട് തങ്കച്ചൻ, ആർ. അനൂപ് കുമാർ, അഡ്വ. ആർ. രാഘവലാൽ, സൗമ്യ ജോസ്, ലിജു സാമുവൽ, അജിലാഷ് യു.ബി, ബോബി അലോഷ്യസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.