നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേട്; കണ്ടല സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന
text_fieldsതിരുവനന്തപുരം: സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ നൂറുകോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന നടത്തി. ബാങ്കിന്റെ പ്രധാന ബ്രാഞ്ചായ തൂങ്ങാംപാറയിലായിരുന്നു വിജിലൻസ് സംഘത്തിന്റെ പരിശോധന.
മറ്റ് മൂന്ന് ബ്രാഞ്ചുകളിലെ ജീവനക്കാരെയും വിജിലൻസ് സംഘം ഹെഡ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബാങ്ക് പ്രസിഡന്റ് എൻ. ഭാസുരാംഗന്റെയും സെക്രട്ടറിയുെടയും മൊഴി രേഖപ്പെടുത്തിയ സംഘം കമ്പ്യൂട്ടറും മറ്റ് രേഖകളും പരിശോധിച്ചു. വിജിലൻസ് തിരുവനന്തപുരം യൂനിറ്റിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരം മൂന്ന് വരെ നീണ്ടു. സഹകരണവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാറും നടപടി ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ധൂര്‍ത്തും ക്രമക്കേടും അനധികൃത നിയമനങ്ങളും ചട്ടം ലംഘിച്ചുള്ള വായ്പകളും അടക്കം ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നിരവധി പേർക്ക് ബാങ്കില്‍ അനധികൃമായി നിയമനം നൽകിയതായും കണ്ടെത്തിയിരുന്നു.
25 കൊല്ലമായി പ്രസിഡന്റായി തുടരുന്ന സി.പി.ഐ നേതാവ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളും നിയമനം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. 15 വര്‍ഷത്തിനിടെ 22 കോടി രൂപ ജീവനക്കാര്‍ക്ക് അനര്‍ഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാന്‍ വിനിയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാസുരാംഗന് പ്രസിഡന്റായ കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സഹകരണ ബാങ്കില്‍ മാത്രം രണ്ട് സ്ഥിരനിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്.കണ്ടല സഹകരണ ആശുപത്രിയില്‍ തസ്തികക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നുകഴിഞ്ഞു.
താല്‍ക്കാലിക ജീവനക്കാർ ഉൾപ്പെടെ 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയില്‍ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥാനക്കയറ്റവും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡം പാലിക്കാതെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
വര്‍ഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്തതുകൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവര്‍ത്തിക്കുന്നത്. യഥാർഥത്തില്‍ ബാങ്ക് ക്ലാസ് അഞ്ചില്‍ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാര്‍ക്ക് നൽകി വരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവര്‍ക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പളയിനത്തില്‍ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആ സാഹചര്യത്തിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണവും ശക്തമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.