ന്യൂനമര്‍ദപാത്തിയും ചക്രവാതച്ചുഴിയും; അഞ്ചു ദിവസം മഴ തുടരും
text_fieldsതിരുവനന്തപുരം: ജില്ലയില്‍ മേയ് 22 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതിജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍:
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ ജനം അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷ മുന്‍കരുതലോടെ മാറി താമസിക്കാന്‍ തയാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയാറാക്കി വെക്കണം
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാന്‍ പാടില്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ നടത്തണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകൾ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.
കാട്ടാക്കട മേഖലയില്‍ നാശം
കാട്ടാക്കട: വേനല്‍ മഴയിൽ കാട്ടാക്കട മേഖലയില്‍ നാശം. കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട്, കുറ്റിച്ചൽ പ്രദേശങ്ങളിൽ മരങ്ങൾ വീടുകൾക്ക് മുകളിലും റോഡിലും വീണ് ഗതാഗതം- വൈദ്യുതി വിതരണം എന്നിവ തടസ്സപ്പെട്ടു. കൃഷിനാശവുമുണ്ട്. മഴയെതുടര്‍ന്ന് പലേടത്തും വൈദ്യുതി വിതരണം നിലച്ചു. കുറ്റിച്ചല്‍-കള്ളിക്കാട് റോഡില്‍ മണ്ണിടിച്ചില്‍ തുടര്സംഭവമാകുകയാണ്. ബുധനാഴ്ച പരുത്തിപ്പള്ളി ഭാഗത്ത് മണ്ണിടിഞ്ഞുവീണു. മണ്ണിടിഞ്ഞ സമയം റോഡിലൂടെ യാത്രക്കാരും വാഹനങ്ങളും ഇല്ലാത്തത് അപകടം ഒഴിവായി.
കുറ്റിച്ചൽ-ആര്യനാട് റോഡിൽ മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ വശം തോട്ടിലേക്ക് ഇടിഞ്ഞുതാണു. 84.75 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 82.440 മീറ്ററാണ് ജലനിരപ്പ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കാട്ടാക്കട താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനസജ്ജമാണ്. ഫോൺ: 0471 2291414.
കന്യാകുമാരി ജില്ലയിൽ പരക്കെ മഴ
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ പരക്കെ മഴ. ബുധനാഴ്ചയും മഴ തുടർന്നു. ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് പേച്ചിപ്പാറ, പെരുഞ്ചാണി എന്നീ അണക്കെട്ടുകളിൽ യഥാക്രമം 43, 45 അടി നിരക്കിൽ ജലനിരപ്പ് ഉയർന്നു.
മഴ കാരണം കുലശേഖരം, കീരിപ്പാറ, തടിക്കാരക്കോണം തുടങ്ങിയ സ്ഥലങ്ങളിൽ റബർ പാൽ വെട്ട് തടസ്സപ്പെട്ടു. മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിന് പോയില്ല. പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകിയതു കാരണം വൈദ്യുതിക്കും ഗതാഗതത്തിനും തടസ്സമുണ്ടായി. ബലമോറിൽ 36.4 മി.മീ എന്ന നിരക്കിൽ കൂടുതലായി മഴലഭിച്ചു. കന്യാകുമാരി ഉൾപ്പെട്ട ടൂറിസം കേന്ദ്രങ്ങളെയും മഴ സാരമായി ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.