ഹൈസ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ
text_fieldsകിളിമാനൂർ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന കെട്ടിടത്തിന് പുറകിലായി മൈതാനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഇരുനില കെട്ടിടം അപകടാവസ്ഥയിൽ. കുറച്ചുനാളുകളായി കെട്ടിടം കുലുങ്ങുന്നതായി വിദ്യാർഥികൾ പറയുന്നുണ്ടെങ്കിലും അധ്യാപകർ ഇത് കാര്യമായി എടുത്തിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന ഹാൻഡ്ബാൾ ടൂർണമെൻറിനെത്തിയ വിദ്യാർഥികളാണ് കെട്ടിടത്തിന്റെ ഉലച്ചിൽ അധികൃതരെ അറിയിച്ചത്. എന്നാൽ കെട്ടിടത്തിന്റെ ഒരു മൂലയിലാണ് ഇത് അനുഭവപ്പെടുന്നതെന്ന് അധ്യാപകർ പറയുന്നു.
എസ്.എസ്.എ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ആദ്യനില 2004ലും രണ്ടാംനില 2008ലുമാണ് പൂർത്തീകരിച്ചത്. കെട്ടിടത്തിൽ ആറ് യു.പി ക്ലാസുകളിലായി ഇരുന്നൂറോളം കുട്ടികളാണുള്ളത്. ഇവരെ മറ്റ് ക്ലാസിലെ കുട്ടികൾക്കൊപ്പം ഇരുത്തിയാണ് ഇപ്പോൾ പഠിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എൻജിനീയർമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.